ദില്ലി: അതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്‍ സൈന്യത്തെ തുരത്തി ഇന്ത്യ ടൈഗര്‍ ഹില്‍സ് തിരിച്ചുപിടിച്ചിട്ട്  ഇരുപത് വര്‍ഷം തികയുകയാണ്. വാര്‍ഷികത്തോടനുബന്ധിച്ച് ഗ്വാളിയോറിലെ വിമാനത്താവളത്തില്‍ കാര്‍ഗില്‍ യുദ്ധത്തിലെ സുപ്രധാന നീക്കങ്ങള്‍ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് വ്യോമസേന. ടൈഗര്‍ ഹില്ലിന്റെ മാതൃക സൃഷ്ടിച്ചാണ് അന്നത്തെ സൈനിക നടപടികള്‍ വ്യോമസേന പുനരാവിഷ്‌കരിച്ചത്.

1999-ലാണ് ചരിത്ര പ്രധാനമായ കാര്‍ഗില്‍ യുദ്ധം ഉണ്ടായത്. യുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കാനായി ടൈഗര്‍ ഹില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തിരിച്ചുപിടിക്കുന്നതാണ് വ്യോമസേന പുനരാവിഷ്‌കരിച്ചത്. അഞ്ച് മിറാഷ് 2000, രണ്ട് മിഗ്-21, ഒരു സുഖോയ് എന്നീ യുദ്ധവിമാനങ്ങള്‍ വ്യോമസേന നടത്തിയ പ്രകടനങ്ങളില്‍ പങ്കെടുത്തു. 

എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനുവയായിരുന്നു മുഖ്യതിഥി. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ സൈനികരടക്കം നിരവധി ആളുകള്‍ വ്യോമസേനയുടെ പ്രകടനങ്ങള്‍ കാണാനെത്തി. കാര്‍ഗില്‍ വിജയം ആഘോഷിക്കാനായി ദില്ലിയിലും ജമ്മു കശ്മീരിലെ ദ്രാസിലും അടുത്ത മാസം വിപുലമായ പരിപടികളാണ് സംഘടിപ്പിക്കുന്നത്. ജൂലൈ 25 മുതല്‍ 27 വരെയാണ് ആഘോഷങ്ങള്‍ നടക്കുക.