വിമാനജീവനക്കാരി ആദ്യം ഈ ശാരീരിക സ്പർശം ആകസ്മികമായി സംഭവിച്ചതാണെന്ന് കരുതി തള്ളിക്കളഞ്ഞു. എന്നാൽ, വിമാനം ഹൈദരാബാദിൽ ഇറങ്ങിയ ശേഷമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ഹൈദരാബാദ്: വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനോട് ലൈംഗികാതിക്രമം കാണിച്ച മലയാളി യുവാവ് അറസ്റ്റിൽ. സോഫ്റ്റ് വെയർ കമ്പനി ജീവനക്കാരനായ ബിനിയം നാസർ എന്ന യുവാവിനെ ആണ് ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്. ദുബായ്, ഹൈദരാബാദ് യാത്രയ്ക്കിടെ, എയർ ഇന്ത്യ വിമാനത്തിലെ എയർ ഹോസ്റ്റസിനെ അപമര്യാദയായി സ്പർശിച്ചെന്ന പരാതിയിലാണ് നടപടി. മദ്യലഹരിയിലായിരുന്നു ഇയാൾ. അശ്ലീല ഭാഷയിൽ, എയർ ഹോസ്റ്റസിന് ഇയാൾ എഴുതിയ കത്തും കണ്ടെത്തി.ബിഎൻഎസിലെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.
ദുബായ്-ഹൈദരാബാദ് വിമാനത്തിൽ നടന്നത്
നവംബർ 28-നാണ് കേസിനാസ്പദമായ സംഭവം ദുബായ്-ഹൈദരാബാദ് വിമാനത്തിൽ വെച്ച് നടന്നത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ബിനിയം നസർ മദ്യലഹരിയിലായിരുന്നെന്നും വിമാനത്തിനുള്ളിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്നും ശാരീരികമായി സ്പർശിച്ചെന്നും കാണിച്ച് ക്യാബിൻ ക്രൂ അംഗം പരാതി നൽകി. വിമാനജീവനക്കാരി ആദ്യം ഈ ശാരീരിക സ്പർശം ആകസ്മികമായി സംഭവിച്ചതാണെന്ന് കരുതി തള്ളിക്കളഞ്ഞു. എന്നാൽ, വിമാനം ഹൈദരാബാദിൽ ഇറങ്ങിയ ശേഷമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നസർ വീണ്ടും വിമാനജീവനക്കാരെ സമീപിച്ചു. തൻ്റെ പാസ്‌പോർട്ട് വിമാനത്തിൽ വെച്ച് മറന്നുപോയതായി ഇയാൾ അവകാശപ്പെട്ടു. പാസ്‌പോർട്ട് പരിശോധിക്കാൻ എയർ ഹോസ്റ്റസ് സീറ്റിലേക്ക് തിരികെ പോയപ്പോൾ, യാത്രക്കാരൻ ഇരുന്ന സീറ്റിനടുത്ത് ഉപേക്ഷിച്ച ടിഷ്യൂ പേപ്പറിൽ അശ്ലീലമായ എഴുത്തുകൾ കണ്ടെത്തുകയായിരുന്നു. എന്നാൽ പാസ്‌പോർട്ട് ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് ഔദ്യോഗികമായി പരാതി നൽകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞു. പരാതിയെത്തുടർന്ന് വിമാനത്താവള പോലീസ് ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.


