ദില്ലി: ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ. വിമാന യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, കപ്പുകള്‍, സ്ട്രോ, പാത്രം എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും പൂര്‍ണമായും ഒഴിവാക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.

പ്രാരംഭഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്, അലൈന്‍സ് വിമാനങ്ങളിലായിരിക്കും നിരോധനം ഏര്‍പ്പെടുത്തുക. പിന്നീട് എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും ഇത് പ്രാവര്‍ത്തികമാക്കും. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പകരം ഭാരം കുറഞ്ഞ സ്റ്റീല്‍ പാത്രങ്ങളിലാകും ഭക്ഷണം വിളമ്പുന്നത്. തടി കൊണ്ട് നിര്‍മ്മിച്ച സ്പൂണുകളും നല്‍കും. എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കുടിവെള്ളം പേപ്പര്‍ കപ്പുകളിലാകും നല്‍കുന്നത്. 200 മില്ലിയുടെ കുടിവെള്ളവും നിര്‍ത്തലാക്കും. പ്ലാസ്റ്റിക് കവറുകളില്‍ വിതരണം ചെയ്യുന്ന സാന്‍ഡ്വിച്ച് പോലുള്ളവ ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞ് നല്‍കും. 

ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്ത രാജ്യമാക്കാന്‍ പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അറിയിച്ചിരുന്നു.