ഫ്യൂവൽ കൺട്രോൾ സ്വിച്ചുകൾ എന്താണെന്നും അവയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നും പരിശോധിച്ചാൽ അത്ര എളുപ്പത്തിൽ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും കഴിയുന്ന സ്വിച്ചല്ലെന്ന് വ്യക്തമാകും

ദില്ലി: അഹമ്മദാബാദ് വിമാനാപകടത്തിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് പുറത്തുവന്നത് മുതൽ ഫ്യൂവൽ കൺട്രോൾ സ്വിച്ചുമായി ബന്ധപ്പെട്ടാണ് കൂടുതൽ ചര്‍ച്ചകളും ഉയര്‍ന്നുവരുന്നത്. എന്താണ് വിമാനത്തിലെ ഫ്യൂവൽ കൺട്രോൾ സ്വിച്ചുകൾ എന്താണെന്നും അവയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നും പരിശോധിച്ചാൽ അത്ര എളുപ്പത്തിൽ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും കഴിയുന്ന സ്വിച്ചല്ലെന്ന് വ്യക്തമാകും.

കോക്ക്പിറ്റിൽ പൈലറ്റുമാരുടെ സീറ്റുകൾക്കിടയിലുള്ള സെൻട്രൽ പെഡസ്റ്റലിൽ ത്രോട്ടിൽ ലിവറുകൾക്ക് തൊട്ടുപിന്നിലായി ആണ് ബോയിംഗ് 787 ഡ്രീംലൈനറിലെ ഫ്യൂവൽ കൺട്രോൾ സ്വിച്ചുകളുള്ളത്. ഓരോ എഞ്ചിനും ഓരോ സ്വിച്ച് ആണ്. ഇവയിൽ വ്യക്തമായി 'RUN' എന്നും 'CUTOFF' എന്നും അടയാളപ്പെടുത്തിയിട്ടുണ്ടാകും. റണ്‍ പൊസിഷനിൽ ആയിരിക്കുമ്പോൾ എഞ്ചിനിലേക്ക് ഇന്ധനം ഒഴുകും. വിമാനം പറക്കുന്ന സമയത്ത് സ്വിച്ചുകൾ റണ്‍ പൊസിഷനിൽ ആയിരിക്കും. കട്ട് ഓഫ് പൊസിഷനിൽ ആയാൽ എൻജിനിലേക്കുള്ള ഇന്ധന വിതരണം പൂർണ്ണമായും നിലയ്ക്കും. ഇതോടെ എഞ്ചിൻ ഷട്ട് ഡൗൺ ആകും.

ഗ്രൗണ്ടിൽ വെച്ച് എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യാനും ലാൻഡിംഗിന് ശേഷം ഷട്ട്ഡൗൺ ചെയ്യാനും പൈലറ്റുമാർ ഈ സ്വിച്ചുകളാണ് ഉപയോഗിക്കുന്നത്.പറക്കുന്നതിനിടെ എഞ്ചിൻ തകരാറിലായാൽ ഉദാഹരണത്തിന്, എഞ്ചിൻ തീപിടിക്കുകയോ ഗുരുതരമായ തകരാറുകൾ സംഭവിക്കുകയോ ചെയ്താൽ, പൈലറ്റുമാർക്ക് ഈ സ്വിച്ചുകൾ ഉപയോഗിച്ച് എഞ്ചിൻ ഷട്ട്ഡൗൺ ചെയ്യാൻ കഴിയും. അത്യപൂർവ സന്ദർഭങ്ങളിൽ മാത്രമാണ് ഇത് വേണ്ടിവരിക.

അബദ്ധത്തിൽ ചലിപ്പിക്കാതിരിക്കാൻ പ്രത്യേക ഡിസൈൻ ആണ് സ്വിച്ചുകൾക്ക് നൽകിയിരിക്കുന്നത്. ചുറ്റും ബ്രാക്കറ്റുകൾ ഉണ്ട്. അതിനാൽ തന്നെ സ്വിച്ചുകള്‍ അറിയാതെ തട്ടുന്ന സാഹചര്യം ഉണ്ടാകുന്നില്ല. ഇനി റണ്‍ പൊസിഷനിൽ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റണമെങ്കിൽ, പൈലറ്റ് ആദ്യം സ്വിച്ച് മുകളിലേക്ക് വലിക്കേണ്ട രീതിയിൽ പ്രത്യേകമായിട്ടാണ് ക്രമീകരണം അബദ്ധത്തിലോ കൈ തട്ടിയോ രണ്ടു സ്വിച്ചുകളും ഒരുപോലെ ഓഫാകാനുള്ള സാധ്യത തീരെയില്ലെന്ന് പറയാം.

ഓരോ സ്വിച്ചും അവയുടെ ഇന്ധന വാൽവുകളും സ്വതന്ത്ര സംവിധാനമാണ്. ഒരു സ്വിച്ചിന് തകരാർ വന്നാലും രണ്ടാമത്തേതിനെ ബാധിക്കാതിരിക്കാൻ ആണിത്. പറക്കുന്നതിനിടെ സ്വിച്ച് കട്ട് ഓഫിലേക്ക് മാറ്റി, പിന്നീട് റണ്ണിലേക്ക് തിരിച്ചിട്ടാൽ എഞ്ചിൻ വീണ്ടും പ്രവർത്തിച്ചു തുടങ്ങും. എന്നാൽ, ഇതിന് രണ്ടു മിനിറ്റിലേറെ സമയം വേണം. അതിനാൽ തന്നെ വിമാനം വളരെ താഴ്ന്ന അവസ്ഥയിൽ ആയിരിക്കുമ്പോൾ പൈലറ്റുമാർ ഒരിക്കലും സ്വിച് ഓഫ് സാഹസത്തിന് മുതിരില്ല.

YouTube video player