ജീവൻ പണയം വെച്ച് സ്വന്തം നാട്ടുകാരെ നാട്ടിലെത്തിച്ച എയർ ഇന്ത്യ ക്രൂവിനെ ഒറ്റപ്പെടുത്താൻ ആഹ്വാനം റെസിഡൻസ് അസോസിയേഷൻകാർ ഭാരവാഹികൾ 

ലോകത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിദേശ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ വേണ്ടി പോയിരുന്നത് എയർ ഇന്ത്യാ വിമാനങ്ങളായിരുന്നു. എന്നാൽ അതിന്റെ പേരിൽ, തിരികെ നാട്ടിൽ എത്തിയ ശേഷം അവർ നേരിടുന്നത് സാമൂഹികമായ ബഹിഷ്കരണങ്ങളാണ്. സാധാരണ നിലയ്ക്കുള്ള മുൻകരുതലുകളും, ക്വാറന്റൈനുകളുമല്ല, ഇത് അതിലും അപ്പുറത്തുള്ള ഒറ്റപ്പെടുത്തലുകയിരുന്നു. ഒടുവിൽ ഇന്ന് എയർ ഇന്ത്യയുടെ ഭാഗത്തു നിന്ന് അതിനെതിരെ ഒരു പ്രസ് റിലീസ് വരെ പുറത്തിറങ്ങുകയുണ്ടായി. 

എയർ ഇന്ത്യയെപ്പറ്റി എന്തൊക്കെ ആക്ഷേപങ്ങൾ ഉന്നയിച്ചാലും, എത്ര മോശമാണെന്ന് ആരൊക്കെ പറഞ്ഞാലും, ഇന്ത്യയുടെ സ്വന്തം എയർലൈൻ ആണ്. വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാർ കുടുങ്ങിക്കിടന്നപ്പോൾ അവരെ രക്ഷപ്പെടുത്തിക്കൊണ്ടു വരാൻ തയ്യാറായത് എയർ ഇന്ത്യയുടെ ക്രൂ തന്നെയായിരുന്നു. വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ വിമാനത്തിലേറ്റി കൊണ്ടുവരുന്നത് അത്ര ചെറിയൊരു കാര്യമല്ല. അവർക്കിടയിൽ ചിലപ്പോൾ കൊവിഡ് 19 ബാധിച്ചവരും ഉണ്ടാകാം. 

അത്തരത്തിൽ ഒരു ട്രിപ്പായിരുന്നു ഇറ്റലിയിൽ കുടുങ്ങിക്കിടന്ന 327 പേരെ രക്ഷപ്പെടുത്തികൊണ്ടുവന്ന ക്രൂ വിജയകരമായി പൂർത്തിയാക്കിയത്. അപകടകരമായ പല ട്രിപ്പുകളും എയർ ഇന്ത്യ ക്രൂ കൊറോണാ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ, ജപ്പാൻ, റോം, മിലാൻ തുടങ്ങിയ പല സ്വന്തം ജീവൻ അപകടത്തിലാക്കി ഇന്ത്യക്കാരെ സുരക്ഷിതരായി കൊണ്ടുവന്ന ക്രൂവിന് സ്വാഭാവികമായും സ്വന്തം നാട്ടിൽ ഹീറോ പരിവേഷമാണ് ഉണ്ടാകേണ്ടത്. എന്നാൽ നടന്നത് അങ്ങനെയല്ല. അവരോട് അവർ ജീവിച്ചിരുന്ന സമൂഹം പെരുമാറിയത് വളരെ മോശമായിട്ടാണ്. അതേപ്പറ്റി എയർ ഇന്ത്യ ട്വിറ്ററിലൂടെ പുറത്തിറക്കിയ പ്രസ്സ് റിലീസ് ഇങ്ങനെ. 

 

 

"ഞങ്ങളുടെ ക്രൂ ചെന്നിറങ്ങാൻ പോകുന്ന സ്ഥലങ്ങളിലെ എപ്പിഡെമിക് സാഹചര്യങ്ങൾ വളരെ കൃത്യമായി മനസ്സിലാക്കി വേണ്ട എല്ലാ സുരക്ഷാ മുൻ കരുതലുകളും എടുത്തുകൊണ്ടാണ്, വേണ്ട പിപിഇ ക്രൂവിന് നൽകി, സാനിറ്റൈസറുകളും മറ്റും ഉപയോഗിച്ചുകൊണ്ടാണ് സർവീസുകൾ നടത്തിയത്. ഇന്ത്യൻ നഗരങ്ങളിലേക്ക് വന്നിറങ്ങിയ ക്രൂ അംഗങ്ങൾ ഓരോരുത്തരെയും നേരെ ഹോം ക്വാറന്റൈനിലേക്ക് മാറ്റുകയാണ് ഉണ്ടായത്. അതിനുപിന്നാലെ വേണ്ട ഹെൽത്ത് ചെക്കുകൾക്കായി ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. ആർക്കെങ്കിലും കോവിഡ് 19 ബാധയെപ്പറ്റി സംശയം തോന്നിയാൽ എടുത്തണിയാൻ  ഹാസ്മത്ത് സ്യൂട്ടുകൾ വരെ കോക്ക് പിറ്റിൽ കൊടുത്തിട്ടുണ്ടായിരുന്നു. ഞങ്ങളുടെ ക്രൂ മറ്റെല്ലാ ആരോഗ്യ പ്രവർത്തകരെയും പോലെയാണ് ഈ മഹാമാരിയുടെ മുന്നണിയിൽ തന്നെ ചെന്ന് നിന്ന് സ്വന്തം നാടിനുവേണ്ടി പോരാടിയത്. 

 

എന്നാൽ, കഴിഞ്ഞ കുറച്ചു  ദിവസങ്ങളായി, ഞങ്ങളുടെ ക്രൂവിന് നേരെ പലയിടത്തുനിന്നും വളരെ വിദ്വേഷം വമിപ്പിക്കുന്ന രീതിയിലുള്ള പല പ്രവർത്തനങ്ങളും നടക്കുന്നതായി ശ്രദ്ധയിൽ പെട്ടു. നാടിൻറെ നിയന്ത്രണം തങ്ങളുടെ കയ്യിലാണ് എന്ന് ധരിച്ചുവശായിട്ടുള്ള ചില റസിഡന്റ് വെൽഫെയർ അസോസിയേഷനുകളാണ് ഈ പ്രവൃത്തികളുടെ പിന്നിൽ. അവർ ഞങ്ങളുടെ ക്രൂവിനെ ഒറ്റപ്പെടുത്താനും അവരുടെ ജോലി തടസ്സപെടുത്താനും, പൊലീസിനെ വിളിക്കാനും വരെ ശ്രമിക്കുന്നുണ്ട്. ഞങ്ങളുടെ ക്രൂ വിദേശത്തു നിന്ന് വന്നു എന്നതിന്റെ പേരിൽ മാത്രം അവരെ ക്രൂശിക്കാനുള്ള ശ്രമങ്ങളാണ് നടത്തപ്പെടുന്നത്. നിങ്ങളിൽ പലരുടെയും ഉറ്റബന്ധുക്കൾ, അവർ ലോകത്തിന്റെ പലകോണുകളിൽ കുടുങ്ങിക്കിടന്നപ്പോൾ അവരെ രക്ഷിക്കാൻ വേണ്ടിയാണ് തങ്ങളുടെ വിമാനങ്ങളിലേറി അവർ വിദേശങ്ങളിലേക്ക് പറന്നു ചെന്നത് എന്ന കാര്യം പലപ്പോഴും ഇവർ മറന്നു പോവുകയാണ്. 

ഇത് ഞങ്ങളുടെ ക്രൂവിന്റെ ജോലിയുടെ ഭാഗമാണ്. അവർ ഒരു വിധത്തിലുള്ള ഹീറോയിസവുമല്ല പ്രവർത്തിച്ചത്. അങ്ങനെ ഒരു പരിഗണന ഞങ്ങൾ ആവശ്യപ്പെടുന്നുമില്ല. എന്നാൽ, അവർ അർഹിക്കുന്ന സാമാന്യമര്യാദ, ബഹുമാനം അവർക്ക് കിട്ടുന്നുണ്ട് എന്ന്, അവർക്ക് അവരുടെ ജോലിയിൽ ഏർപ്പെടാനുള്ള സാഹചര്യം ഹനിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം എന്ന് ഞങ്ങൾ പൊലീസ് അടക്കമുള്ള ഏജൻസികളോട് അഭ്യർത്ഥിക്കുകയാണ്. അത് സ്വന്തം രാജ്യത്തെ പൗരന്മാരുടെ സുരക്ഷിതമായ മടങ്ങി വരവിനായി ജീവൻ പണയം വെച്ചും തങ്ങളുടെ കടമ നിറവേറ്റിയവർ എന്ന നിയാൾക്ക് അവർ അർഹിക്കുന്നുണ്ട് എന്നുമാത്രം പറയുന്നു. " എന്നായിരുന്നു ആ പ്രസ് റിലീസ്.

സമൂഹങ്ങളുടെ ക്രമാസമാധാനപാലനത്തിന്റെ ക്വട്ടേഷൻ സ്വയം ഏറ്റെടുത്തു നടത്താൻ ശ്രമിക്കുന്ന റെസിഡൻസ് അസോസിയേഷൻകാർ സാമൂഹികമായ ബഹിഷ്കരണങ്ങൾക്ക് ആഹ്വാനം നൽകുന്നത് ഒട്ടും ശുഭോദർക്കമമല്ലെന്ന് എയർ ഇന്ത്യ മാനേജ്‌മെന്റ് അഭിപ്രായപ്പെട്ടു.