Asianet News MalayalamAsianet News Malayalam

വായുമലിനീകരണം: ശ്വാസം മുട്ടി രാജ്യതലസ്ഥാനം; ദില്ലിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ഒറ്റ ഇരട്ട അക്ക  വാഹന നിയന്ത്രണം വീണ്ടും ഏർപ്പെടുത്തി.  രജിസ്ട്രേഷൻ നമ്പറിൻ്റെ അവസാന അക്കം നോക്കി ഒന്നിടവിട്ടുള്ള  ദിവസങ്ങളിലാകും നിയന്ത്രണം.

air pollution worst in  Delhi to more restrictions sts
Author
First Published Nov 6, 2023, 2:59 PM IST

ദില്ലി: വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ ശക്തമാക്കി ദില്ലി സർക്കാർ. ദീപാവലിക്ക് ശേഷം 13 മുതൽ 20 വരെ നിരത്തുകളിൽ ഒറ്റ-ഇരട്ട വാഹന നിയന്ത്രണം പ്രാബല്യത്തിൽ വരും. രജിസ്ട്രേഷൻ നമ്പറിൻ്റെ അവസാന അക്കം നോക്കി ഒന്നിടവിട്ടുള്ള  ദിവസങ്ങളിലാകും നിയന്ത്രണം. സ്കൂളുകളിൽ 10,12 ഒഴികെ എല്ലാ ക്ളാസുകളും അടച്ചിടും. പ്രൈമറി ക്ളാസുകള്ക്ക് നേരത്തെ വെളളിയാഴ്ച്ച വരെ അവധി പ്രഖ്യാപിച്ചിരുന്നു.

ബിഎസ് 3 പെട്രോള്‍ വാഹനങ്ങള്‍ക്കും  ബിഎസ് 4 ഡീസൽ വാഹനങ്ങള്‍ക്കുമുളള നിയന്ത്രണം തുടരും, നിയമം ലംഘനത്തിന് 20000 രൂപ പിഴയീടാക്കാനും തീരുമാനമായി. അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളൊഴികെ നിരത്തിലിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം.

അതിനിടെ ഗുരുതരാവസ്ഥയിൽ തുടരുന്ന വായു ഗുണനിലവാര സൂചിക രാവിലെ 480 കടന്നു.  അതേ സമയം മലിനീകരണത്തിന്റെ ഉത്തരവാദിത്വം ബിജെപിക്കാണെന്ന് ചൂണ്ടിക്കാട്ടി എഎപി നേതാക്കള്‍ രംഗത്തെത്തി. വായുമലിനീകരണത്തിനെതിരെ ഹരിയാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് എഎപി വക്താവ് പ്രിയങ്ക കാക്കറുടെ ആക്ഷേപം. ദീപാവലിയോടനുബന്ധിച്ച്  പടക്കം പൊട്ടിക്കുന്നതിന്  ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകളും നിയന്ത്രണം  കൊണ്ടുവരണമെന്ന്  ദില്ലി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റേ ആവശ്യപ്പെട്ടു.

ദില്ലി വായുമലിനീകരണം

ദില്ലിയിൽ വായു ഗുണനിലവാര സൂചിക  അഞ്ഞൂറിനടുത്തെത്തി. സാഹചര്യം ഗുരുതരമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടിയന്തര യോഗം വിളിച്ചു. പകൽ സമയങ്ങളിൽ പോലും കാഴ്ച്ച മറയുന്ന സാഹചര്യമാണ് ദില്ലിയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി വായുഗുണനിലവാര സൂചിക 450 ആയിരുന്നുവെങ്കിൽ, ഇന്ന് രാവിലെ 480 കടന്നു. സൂചികയിൽ  100 കടന്നാൽ തന്നെ ഗുരുതരമാകുന്ന സാഹചര്യത്തിലാണിത്. ആർ കെ പുരത്തും ജഹാംഗിർപുരിയിലുമെല്ലാം സ്ഥിതി അതീവഗുരുതരമാണ്. മലിനീകരണം ചെറുക്കാൻ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് ദില്ലി സർക്കാർ.

അപകടകരമായ സാഹചര്യം കണക്കിലെടുത്ത് പ്രൈമറി സ്കൂളുകൾ നവംബർ പത്തുവരെ പ്രവർത്തിക്കില്ല ആറു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താം. അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളൊഴികെ നിരത്തിലിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. സമീപ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് നിയന്ത്രിക്കാൻ എടുത്ത ശ്രമങ്ങൾ ഗുണം കണ്ടില്ല. ദീപാവലി കൂടെ എത്തുന്നതോടെ സ്ഥിതി ഗുരുതരമാകുമെന്നാണ് ആശങ്ക. പടക്കം പൊട്ടിക്കുന്നതിന് വിലക്കുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്ന ആക്ഷേപം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇത്തവണയും പരസ്പരം ഉന്നയിക്കുകയാണ്. മുൻകാലങ്ങളേക്കാൾ മലിനീകരണം കൂടിയതിനാൽ കടുത്ത നിയന്ത്രണങ്ങളിലേക്കാകും വരും ദിവസങ്ങളിൽ സർക്കാർ നീങ്ങുന്നത്.

വായുമലിനീകരണം രൂക്ഷം, ദില്ലിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് ഒരാഴ്ച അവധി, 6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിൽ

Follow Us:
Download App:
  • android
  • ios