ഒറ്റ - ഇരട്ട അക്ക വാഹന നിയന്ത്രണം ശാസ്ത്രീയമല്ലെന്ന  സുപ്രീംകോടതി വിമർശനത്തിനു പിന്നാലെയാണ് യോഗം. 

ദില്ലി: ദില്ലിയിൽ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലേക്ക്. അനുവദനീയമായതിന്‍റെ മൂന്നിരട്ടിയായി മലിനീകരണ തോത് ഉയർന്നു. സുപ്രീംകോടതി നി‍ർദ്ദേശം അവഗണിച്ച് ദില്ലിക്കടുത്തെ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടം കത്തിക്കുന്നത് തുടരുകയാണ്.

ആശ്വാസം വീണ്ടും ആശങ്കയ്ക്ക് വഴിമാറുകയാണ് ദില്ലിയിൽ. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ വായു ഗുണനിലവാര സൂചിക 400 നു താഴേക്ക് എത്തുകയും നേരിയ പുരോഗതി കാണിക്കുകയും ചെയ്തിതിരുന്നു. ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 418. പഞ്ചാബി ബാഗ്, ബവാന, ആനന്ദ് വിഹാർ എന്നിവടങ്ങളിലെല്ലാം 450 ന് മുകളിലാണ് തോത്. ദില്ലിക്കടുത്ത് യുപിയിലെ നോയ്ഡയിലും ഹരിയാനയിലെ ഗുരുഗ്രാമിലുമെല്ലാം സ്ഥിതി ഗുരുതരമാണ്.

150 നു മുകളിലുള്ള തോത് അപകടകരം ആണെന്നിരിക്കെയാണ് ഇതിൻറെ മൂന്നിരട്ടി മലിന വായു തലസ്ഥാന മേഖലയിലുള്ളവർ ശ്വസിക്കുന്നത്. കേരളത്തിൽ കൂടുതൽ വ്യവസായങ്ങളുള്ള കൊച്ചിയിൽ ഈ തോത് ഇന്ന് 47 മാത്രമാണ്. മലിനീകരണം ചെറുക്കാൻ രാഷ്ട്രീയം മാറ്റിവച്ചുള്ള നീക്കം വേണമെന്ന് മുൻ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു നി‍ർദ്ദേശിച്ചു. ദില്ലി സർക്കാരും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.

ഒറ്റ - ഇരട്ട അക്ക വാഹന നിയന്ത്രണത്തിൽ മാറ്റങ്ങളുണ്ടാകാനാണ് സാധ്യത. സുപ്രീംകോടതി വിമർശനമുന്നയിച്ച പശ്ചാത്തലത്തില്‍ ഇക്കാര്യം ചർച്ച ചെയ്യാൻ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായി അടിയന്തര യോഗം വിളിച്ചു.വാഹന നിയന്ത്രണം ശാസ്ത്രീയമല്ലെന്ന സുപ്രീംകോടതി വിമർശനത്തിനു പിന്നാലെയാണ് യോഗം. ദില്ലിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ഠങ്ങള് കത്തിക്കുന്നത് തുടരുകയാണ്. പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലുമായി കാർഷികാവശിഷ്ഠങ്ങള് കത്തിച്ച രണ്ടായിരത്തിലധികം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പൊലീസിന് കർശന നിർദ്ദേശം കോടതി നല്കിയെങ്കിലും കർഷക രോഷം ഭയന്ന് ഈ സംസ്ഥാനങ്ങൾ ഇടപെടാതെ മാറി നില്ക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്