Asianet News MalayalamAsianet News Malayalam

Army helicopter crash : ഹെലികോപ്ടറില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് എടിസി

വ്യോമസേനാ ഹെലികോപ്ടറിന്‍റെ ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം കണ്ടെത്തി. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാൻ ഡാറ്റാ റെക്കോർഡർ പരിശോധന സഹായിക്കും. 

Air traffic control says no emergency message was received from helicopter that crashed in Coonoor
Author
Coonoor, First Published Dec 9, 2021, 9:53 AM IST

ചെന്നൈ: കൂനൂരില്‍ അപകടത്തില്‍പ്പെട്ട (Coonoor helicopter crash)  വ്യോമസേന ഹെലികോപ്ടറില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (Air Traffic Contorl). വെല്ലിംഗ്ടൺ എടിസിയുമായി സമ്പർക്കത്തിൽ എന്നായിരുന്നു ഏറ്റവും അവസാനം പൈലറ്റ് നല്‍കിയ സന്ദേശം. ഒടുവിലത്തെ സർവ്വീസിന് ശേഷം കോപ്റ്റർ 26 മണിക്കൂർ പറന്നു. ഹെലികോപ്ടര്‍ അവസാന സർവ്വീസിന് ശേഷം 26 മണിക്കൂർ പറന്നതാണ്. അവസാന നാല് പറക്കലിലും എന്തെങ്കിലും സാങ്കേതിക പിഴവ് റിപ്പോർട്ട് ചെയ്തിരുന്നില്ല.  അങ്ങനെ എങ്കിൽ എങ്ങനെ അപകടം ഉണ്ടായി എന്നതിലാണ് അവ്യക്തത തുടരുന്നത്.

അപകടത്തിന് പിന്നാലെ വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം കണ്ടെത്തി. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാൻ ഡാറ്റാ റെക്കോർഡർ പരിശോധന സഹായിക്കും. സുരക്ഷാ സംവിധാനത്തിൽ ഏതെങ്കിലും വിധത്തിലുള്ള പാളിച്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധനയിൽ വ്യക്തമാകും. വിങ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാസംഘത്തിലുള്ളത്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തടക്കം 14 പേർ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടർ ബുധനാഴ്ച ഉച്ചയോടെയാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിലെ കൂനൂരിന് സമീപമായിരുന്നു അപകടം. ബിപിൻ റാവത്തിനൊപ്പം ഭാര്യയും മറ്റ് ജീവനക്കാരും ഉണ്ടായിരുന്നു. വ്യോമസേനയുടെ മികവുറ്റ ഹെലികോപ്ടറുകളിലൊന്നായ എംഐ- 17വി5 ആയിരുന്നു അപകടത്തിൽ പെട്ടത്. മി-എട്ട് ഹെലികോപ്ടറുകളുടെ റഷ്യൻ നിർമ്മിത സൈനിക-ഗതാഗത പതിപ്പാണ് എംഐ- 17വി5. സൈനിക വിന്യാസം, ആയുധ വിതരണം, അഗ്നിശമന സഹായം, പട്രോളിംഗ്, സെർച്ച് ആൻഡ് റെസ്ക്യൂ ദൗത്യങ്ങൾ തുടങ്ങി വിവിധോപയോഗ ഹെലികോപ്ടറാണിത്. ലോകത്തിലെ ഏറ്റവും നൂതനമായ സൈനിക ഗതാഗത ഹെലികോപ്ടറുകളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. 

അപകടത്തിൽപ്പെട്ട ഹെലികോപ്ടറിൽ നിന്ന് പുറത്തെടുക്കുമ്പോൾ ജനറൽ ബിപിൻ റാവത്തിന്  ജീവനുണ്ടായിരുന്നെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എൻ സി മുരളി പറഞ്ഞു. ബിപിൻ റാവത്ത് തന്‍റെ പേര് പറഞ്ഞതായും ഹിന്ദിയിൽ ചില കാര്യങ്ങൾ പറയുന്നുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥൻ ഒരു മാധ്യമത്തോട് പറഞ്ഞു. ദുർഘടമായ പ്രദേശമായിരുന്നതിനാൽ ഫയർഫോഴ്സ് എഞ്ചിനുകൾക്ക് പ്രദേശത്ത് എത്താൻ താമസമുണ്ടായി. ഇത് രക്ഷാപ്രവർത്തനത്തിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. കുടങ്ങളൊക്കെ ഉപയോഗിച്ച് ആദ്യം തീയണയ്ക്കാൻ ശ്രമം നടന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios