Asianet News MalayalamAsianet News Malayalam

Bipin Rawat : ബിപിന്‍ റാവത്തിന്റെ അവസാന പ്രസംഗങ്ങളിലൊന്ന് കേരളാ പൊലീസിന്റെ പരിപാടിയില്‍, വീഡിയോ

ആഗോളതലത്തിലെ സൈബര്‍ കുറ്റകൃത്യങ്ങളിലെ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം സൈബര്‍ കുറ്റവാളികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും ഒറ്റക്കും സംഘടിതമായ രാജ്യങ്ങളുടെ പിന്തുണയിലും ഇന്ത്യക്കെതിരെ ചാര പ്രവര്‍ത്തനം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
 

Bipin Rawat inaugurated Kerala Police cocon 14th edition on Nov 12
Author
Thiruvananthapuram, First Published Dec 9, 2021, 8:57 AM IST

തിരുവനന്തപുരം: കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ (Army helicopter crash) അന്തരിച്ച സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ (Bipin Rawat) അവസാനത്തെ പ്രസംഗങ്ങളിലൊന്ന് കേരളത്തിലും. നവംബര്‍ 12ന് കേരള പൊലീസിന്റെ (kerala Police) കൊക്കൂണ്‍  (cocon) 14ാമത് വെര്‍ച്വല്‍ കോണ്‍ഫറന്‍സ് 14ാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്തത് ബിപിന്‍ റാവത്തായിരുന്നു. സൈബര്‍ സുരക്ഷയെക്കുറിച്ച് (Cyber security) അദ്ദേഹം 14 മിനിറ്റ് നീളുന്ന പ്രസംഗവും നടത്തി. സൈബര്‍ സുരക്ഷയില്‍ കേരള പൊലീസിന്റെ ജാഗ്രതയില്‍ അദ്ദേഹം അഭിനന്ദിച്ചു. പരിപാടി നടത്തിയതിലും അദ്ദേഹം കേരള പൊലീസിനെ അഭിനന്ദിച്ചു. ആഗോളതലത്തിലെ സൈബര്‍ കുറ്റകൃത്യങ്ങളിലെ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം സൈബര്‍ കുറ്റവാളികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും ഒറ്റക്കും സംഘടിതമായ രാജ്യങ്ങളുടെ പിന്തുണയിലും ഇന്ത്യക്കെതിരെ ചാര പ്രവര്‍ത്തനം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

സൈബര്‍ ആക്രമണങ്ങള്‍ മാത്രമല്ല, സൈബര്‍ കുറ്റകൃത്യങ്ങളും ഒരുപാട് വര്‍ധിക്കുന്നു. സാങ്കേതികമായി ഹാക്കര്‍മാരും മറ്റ് സൈബര്‍ കുറ്റവാളികളും പുതിയ കണ്ടെത്തലുകള്‍ നടത്തുമ്പോള്‍ അതിനനുസൃതമായി സൈബര്‍ സുരക്ഷയിലും സാങ്കേതിക വിദ്യ മുന്നേറണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭയവും അനിശ്ചിതത്വവും മുതലെടുത്ത് സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന കാഴ്ചയാണ് കാണുന്നത്. കൊവിഡ് കാലത്ത് കൂടുതല്‍ ജോലികളും ഓണ്‍ലൈന്‍ വഴിയും വര്‍ക്ക് ഫ്രം ഹോം രീതിയിലുമായിട്ടുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ ഡാറ്റകളും വിവരങ്ങളും ഓണ്‍ലൈന്‍ വഴിയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. സൈബര്‍ സുരക്ഷാപിഴവുകള്‍ മുതലെടുത്ത് സൈബര്‍ കുറ്റവാളികള്‍ ഡാറ്റ മോഷ്ടിക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. 

സൈബര്‍ സുരക്ഷ എന്നത് ഇപ്പോള്‍ ഐടി പ്രൊഫഷണലുകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. എല്ലാ പൗരന്മാരെയും ബാധിക്കുന്നതാണ്. കൊവിഡ് കാലത്ത് ഇന്ത്യയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ 500 മടങ്ങ് വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് കേരള പൊലീസ് നടത്തുന്ന കോണ്‍ഫറന്‍സ് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോണ്‍ഫറന്‍സിന് എല്ലാ ആശംസകളും നേര്‍ന്നാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
 

Follow Us:
Download App:
  • android
  • ios