ദില്ലി പൊലീസിനെതിരെ ഐസ പ്രസിഡൻ്റ് നേഹ ബോറ രംഗത്ത്. പൊലീസ് സാധാരണ പൗരന്മാരോട് ക്രിമിനലുകളോട് എന്നപോലെ പെരുമാറുകയാണെന്നും സ്ത്രീകളെ രാത്രി മുഴുവൻ കസ്റ്റഡിയിൽ വെക്കുകയാണെന്നും നേഹ ബോറ പറഞ്ഞു.

ദില്ലി: ദില്ലി പൊലീസിനെതിരെ ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡൻ്റ് നേഹ ബോറ. പൊലീസ് സാധാരണ പൗരന്മാരോട് ക്രിമിനലുകളോട് എന്നപോലെ പെരുമാറുകയാണെന്ന് നേഹ ബോറ ആരോപിച്ചു. തടവിലാക്കപ്പെട്ടവരെ രാത്രി മുഴുവൻ കസ്റ്റഡിയിൽ വെക്കുകയും അടുത്ത ദിവസം രാവിലെയോ വൈകുന്നേരമോ മാത്രമാണ് മോചിപ്പിക്കുന്നതെന്നും നേഹ ബോറ പറഞ്ഞു. പൊലീസ് വിട്ടയച്ച ശേഷം വാ‍ർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അവ‍ർ. വെള്ളിയാഴ്ച വൈകുന്നേരം കോണാട്ട് പ്ലേസിൽ നടന്ന പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ തടങ്കൽ എന്ന നിലയിലാണ് പൊലീസ് നേഹയെ കസ്റ്റഡിയിലെടുത്തത്.

നിയമവും സമാധാനവും സാധ്യമായ എല്ലാ വഴികളിലൂടെയും ലംഘിക്കപ്പെടുകയാണെന്ന് നേഹ ബോറ ആരോപിച്ചു. സാധാരണ പൗരന്മാരെ പൈശാചിക കുറ്റവാളികളെപ്പോലെയാണ് കൈകാര്യം ചെയ്യുന്നത്. പകലോ വൈകുന്നേരമോ ആകട്ടെ, ആളുകളെ എങ്ങനെയാണ് തടവിലാക്കുന്നത്? രാത്രി മുഴുവൻ കസ്റ്റഡിയിൽ സൂക്ഷിച്ച ശേഷം അടുത്ത ദിവസം രാവിലെയോ വൈകുന്നേരമോ മാത്രം മോചിപ്പിക്കുന്നത്. ഏത് അധികാരത്തിന്റെ പുറത്താണ് ഇത് ന്യായീകരിക്കപ്പെടുന്നത്? ഏത് നിയമത്തിന്റെയോ ഉത്തരവിന്റെയോ അടിസ്ഥാനത്തിലാണ് തടവിലാക്കപ്പെട്ടവരെ രാത്രി മുഴുവൻ കസ്റ്റഡിയിൽ സൂക്ഷിക്കാൻ അനുവാദമുള്ളതെന്നും നേഹ ബോറ ചോദിച്ചു.

Scroll to load tweet…

സ്ത്രീകളെ തടങ്കലിൽ വെക്കുന്നതും മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ബോറ ആരോപിച്ചു. നിയമപരമായി, വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ, സൂര്യാസ്തമയത്തിന് ശേഷം മോചിപ്പിക്കേണ്ടതുണ്ട്, എന്നാൽ ഇത് സംഭവിക്കുന്നില്ലെന്നും അവ‍ർ ചൂണ്ടിക്കാട്ടി. സ‍ർക്കാരും പൊലീസുമാണ് അരാജകത്വവും കുഴപ്പവും സൃഷ്ടിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗിൻ്റെ പ്രസ്താവനയോട് നേഹ ബോറ പ്രതികരിച്ചു. ദില്ലിയിലെ ജനങ്ങൾക്ക് സമാധാനമായി ശ്വാസമെടുക്കാൻ പോലും കഴിയുന്നില്ല. ജോലിക്ക് പോകാൻ അവർ ഏത് വഴി തിരഞ്ഞെടുത്താലും അവിടെയെല്ലാം തടസ്സങ്ങളാണ്. സ‍ർ‌ക്കാർ രാജ്യത്തുടനീളം കുഴപ്പങ്ങളും അരാജകത്വവും പടർത്തുകയാണെന്നും ജനങ്ങളെ ദയവായി വെറുതെ വിടണമെന്നും നേഹ ബോറ ആവശ്യപ്പെട്ടു.

​ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുകയും എസ്ഐആർ നിർത്തിവെക്കുകയും ചെയ്യുക. അതുവഴി ഈ രാജ്യത്തെ സാധാരണ പൗരന്മാർക്ക് സമാധാനമായി ശ്വാസമെടുക്കാനും അവരുടെ വോട്ടവകാശം ഉറപ്പാക്കാനും സാധിക്കട്ടെയെന്നും നേഹ ബോറ പറഞ്ഞു. താൻ തടങ്കലിൽ ആയിരുന്ന സമയത്ത് പൊലീസുകാർ ആദ്യം സംസാരിക്കാനോ ഒരു വക്കീലുമായി ആലോചിക്കാനോ അനുവദിച്ചില്ലെന്നും തന്റെ നിയമ സംഘത്തിന് തന്നെ ബന്ധപ്പെടാൻ ആവർത്തിച്ച് ശ്രമിക്കേണ്ടി വന്നുവെന്നും ബോറ ആരോപിച്ചു.