ദില്ലി: ജെഎൻയുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിനെ ചോദ്യംചെയ്യാന്‍ തുടങ്ങി. കാമ്പസിലെ യൂണിയൻ ഓഫീസിനകത്താണ് ചോദ്യം ചെയ്യുന്നത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടെ ഒമ്പത് പേർക്ക് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തണമെന്ന് നിർദ്ദേശം നൽകിയെങ്കിലും അന്വേഷണ സംഘം കാമ്പസിൽ എത്തുന്നതിനാല്‍ ചോദ്യം ചെയ്യൽ ഇവിടേക്ക് മാറ്റുകയായിരുന്നു. 

അഞ്ച് പേർ അടങ്ങുന്ന സംഘമാണ് കാമ്പസിൽ എത്തിയത്. കേസിൽ സാക്ഷികളായ നാല് അധ്യാപകരുടെ മൊഴി സംഘം രേഖപ്പെടുത്തി. അതേസമയം കേസിൽ ഇതുവരെ 49 പേർക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചു. സുരക്ഷാ ജീവനക്കാരിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിക്കും. ചോദ്യം ചെയ്യൽ കണക്കിലെടുത്ത് കാമ്പസിനുള്ളിലും ചുറ്റും പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജെഎൻയു സംഘർഷത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളും വിവരങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാട്ട്സ് ആപ്പിനും ഗൂഗിളിനും, ആപ്പിളിനും  ദില്ലി ഹൈക്കോടതി നോട്ടീസയച്ചു.