ദില്ലി: 48 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തെ പിടിച്ചുകുലുക്കിയ തലശേരി കലാപമുണ്ടാകുന്നത്. 1971 ഡിസംബര്‍ 28ന് തുടങ്ങി 1972 ആദ്യ ആഴ്ചകളിലേക്ക് കടന്ന മതസംഘട്ടനം കലാപമായി വളര്‍ന്നു. അന്നും ഒരുഭാഗത്ത് ആര്‍എസ്എസുണ്ടായിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കേരളം കണ്ട ആദ്യത്തെ വര്‍ഗീയ കലാപമായിരുന്നു തലശേരിയിലേത്. നിരവധി വീടുകളും സ്ഥാപനങ്ങളും അന്ന് അഗ്നിക്കിരയാക്കപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. 

കോണ്‍ഗ്രസാണ് അന്ന് കേരളം ഭരിക്കുന്നത്. കെ കരുണാകരന്‍ ആഭ്യന്തരമന്ത്രി. കലാപം അടിച്ചമര്‍ത്താന്‍ പൊലീസിനാകുന്നില്ലെന്ന വിമര്‍ശനങ്ങളേല്‍ക്കേണ്ടി വന്നു ആഭ്യന്തര മന്ത്രികൂടിയായ കരുണാകരന്. കലാപം അമര്‍ച്ച ചെയ്യാന്‍ കരുണാകരന്‍ കേരള പൊലീസില്‍ അരിച്ചുപെറുക്കി. ഒടുവില്‍ കണ്ണ് പതിച്ചത് ജൂനിയര്‍ ഓഫിസറും കോട്ടയം എ എസ് പിയുമായിരുന്ന അജിത് ഡോവലെന്ന ചെറുപ്പക്കാരനില്‍. 1968ലെ കേരള കേഡര്‍ ഐപിഎസ് ഓഫിസറായിരുന്ന അജിത് ഡോവല്‍ സര്‍വീസില്‍ കയറിയിട്ട് 5 വര്‍ഷം പോലും തികഞ്ഞിരുന്നില്ല. പക്ഷേ മുഖ്യമന്ത്രി തന്നിലേല്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഡോവലിനായി.

തലശേരിയില്‍ കലാപം കൊടുമ്പിരികൊണ്ട പ്രദേശങ്ങളില്‍ ഡോവല്‍ സന്ദര്‍ശനം നടത്തി. ഇരകളോട് വീടുകളിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട സാധന സാമഗ്രികള്‍ എല്ലാം തിരികെ വാങ്ങിക്കൊടുക്കുമെന്ന് ഉറപ്പ് നല്‍കി. കലാപ ബാധിത പ്രദേശങ്ങളില്‍ ഡോവലിന്‍റെ നേതൃത്വത്തില്‍ പൊലീസ് രാപ്പകല്‍ കാവലിരുന്നു. ഏകദേശം ഒരാഴ്ച്ചക്കുള്ളില്‍ തലശേരിയില്‍ സമാധാനം പുന:സ്ഥാപിച്ചു. നാല് മാസം കൂടി അദ്ദേഹം കണ്ണൂരില്‍ തങ്ങി. പിന്നീടാണ് അജിത് ഡോവല്‍ ഇന്‍റലിജന്‍റ്സ് ബ്യൂറോയിലേക്ക് മാറുന്നത്. 

49 വര്‍ഷങ്ങള്‍ക്കിപ്പുറം ദില്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സമാധാനം പുന:സ്ഥാപിക്കാന്‍ സര്‍ക്കാറിന്‍റെ പ്രതിനിധിയായി പറഞ്ഞയച്ചത് അജിത് ഡോവലിനെ തന്നെ. അന്ന് എ എസ് പിയായിരുന്നെങ്കില്‍ ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ സ്ഥാനത്താണ് ഡോവല്‍. 

അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ മടക്കയാത്രക്ക് ശേഷം ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയും ദില്ലിയിലും കലാപ ബാധിത പ്രദേശങ്ങളിലേക്കാണ് ഡോലല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം കടന്നുചെന്നത്. ഇരകളെ കാണുകയും സംസാരിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.