ദില്ലി: അതിര്‍ത്തിയിൽ സംഘ‍ര്‍ഷ സാധ്യതകൾ നിലനിൽക്കെ പുതിയ തന്ത്രങ്ങള്‍ തീരുമാനിക്കാൻ ഉന്നതതല യോഗം വിളിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. അതേസമയം
കോർ കമാൻഡർമാരുടെ കൂടിക്കാഴ്ച അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം. 

അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ നേരത്തെ ഇന്ത്യയും ചൈനയും അഞ്ചിന ധാരണ പ്രഖ്യാപിച്ചിരുന്നു. സേനകൾക്കിടയിൽ ഉചിതമായ അകലം പാലിക്കുമെന്നും പിൻമാറ്റം വേഗത്തിൽ നടപ്പാക്കുമെന്നും ഇരു രാജ്യങ്ങളും നടത്തിയ സംയുക്ത പ്രസ്താവന വ്യക്തമാക്കിയിട്ടുണ്ട്. മോസ്ക്കോവിൽ നടന്ന വിദേശകാര്യമന്ത്രിമാരുടെ നിർണ്ണായക ചർച്ചക്ക് ശേഷമാണ് ഇ നിലപാടുകളിലേക്ക് എത്തിയത്. എന്നാൽ അതി‍ത്തിയിൽ നിലവിലെ സാഹചര്യം തന്നെ തുടരുകയാണ്. ചൈന ഏതെങ്കിലും രീതിയിലുള്ള പിൻമാറ്റ നീക്കം നടത്തിയാൽ മാത്രം സൈന്യത്തെ പിൻവലിച്ചാൽ മതിയെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് സേനാമേധാവിക്ക് നൽകിയ നി‍ദ്ദേശമെന്നാണ് വിവരം. 

അതേ സമയം അരുണാചൽപ്രദേശിൽ നിന്ന് കാണാതായ അഞ്ച് ഇന്ത്യൻ പൗരന്മാരെ ഇന്ന് ചൈന വിട്ടയക്കും. ഇവരെ ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരുണാചൽ പ്രദേശിലെ നാച്ചോ മേഖലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിൽ നിന്ന് അഞ്ച് ഇന്ത്യൻ പൗരന്മാരെ കാണാതായത്. ഇവര്‍ ചൈനീസ് പട്ടാളത്തിന്‍റെ പിടിയിലുണ്ടെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഇവരെ വിട്ടയക്കണമെന്ന ഇന്ത്യആവശ്യപ്പെട്ടിരുന്നു.