റായ്‌പുർ: ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി ആദിവാസിയല്ലെന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. അദ്ദേഹത്തിന്റെ എല്ലാ ജാതി സർട്ടിഫിക്കറ്റുകളും പിൻവലിക്കാനും എസ്‌ടി വിഭാഗക്കാരനെന്ന നിലയിൽ ഇദ്ദേഹം നേടുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കാനും സർക്കാർ ഉത്തരവിട്ടു.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പിന്നാക്ക വിഭാഗ വകുപ്പ് സെക്രട്ടറി ഡിഡി സിംഗ് തലവനായ സമിതി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അജിത് ജോഗിക്കെതിരെ ഛത്തീസ്‌ഗഡ് എസ്‌സി എസ്‌ടി പിന്നാക്ക വിഭാഗ നിയമം 2013 ലെ  23(3), 24 വകുപ്പുകൾ പ്രകാരം കേസെടുക്കാൻ ബിലാ‌സ്പുർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

ഇതേ വകുപ്പുകൾ പ്രകാരം അജിത് ജോഗിയുടെ ജാതി രേഖപ്പെടുത്തിയ എല്ലാ സർട്ടിഫിക്കറ്റുകളും കണ്ടുകെട്ടാനും സമിതി നിർദ്ദേശിച്ചു. 

എന്നാൽ സമിതി വെള്ള പേപ്പറാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതെന്നും മുഖ്യമന്ത്രിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും അജിത് ജോഗിയുടെ മകൻ കുറ്റപ്പെടുത്തി. ഇതിനെ കോടതിയിൽ നിയമപരമായി നേരിടുമെന്നും അമിത് ജോഗി വ്യക്തമാക്കി. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി തനിക്കും പിതാവിനുമെതിരെ രാഷ്ട്രീയ വൈര്യം തീർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.