അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിബന്ധനപ്രകാരം അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം.
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാനദുരന്തത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാതെ എയർക്രാഫ്‌റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ. ഇന്റർ നാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിഷ്‌കർഷിക്കുന്ന സമയപരിധി അവസാനിച്ചു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിബന്ധനപ്രകാരം അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം. എന്നാൽ എഎഐബി ഈ സമയപരിധി പിന്നിട്ടിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല. ഈ മാസം 26 നായിരുന്നു ഇതനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തിയ്യതി. വിഷയത്തിൽ എഎഐബിയും, വ്യോമയാനമന്ത്രാലയവും ഇതുവരയും പ്രതികരിച്ചിട്ടില്ല. ഡിജിറ്റൽ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിനും, കോക്പിറ്റ് വോയ്‌സ് റെക്കോർഡറിനും തീപ്പിടിത്തത്തിൽ കേടുപാട് സംഭവിച്ചതായാണ് മുൻപ് എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സൂചിപ്പിച്ചിരുന്നത്.
അപകടത്തിൽപ്പെട്ട ലിയർജെറ്റ് 45 വിമാനത്തിലെ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ വിജയകരമായി ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്. എന്നാൽ കോക്പിറ്റ് വോയ്‌സ് റെക്കോർഡറിന് കടുത്ത ചൂടിൽ സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ വിവരങ്ങൾ വീണ്ടെടുക്കാൻ വിദേശ സാങ്കേതിക സഹായം തേടിയിരിക്കുകയാണ്. നിലവിൽ പൂനെ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കേസ് അന്വേഷിക്കുന്നുണ്ട്. അട്ടിമറി ശ്രമമോ ക്രിമിനൽ അശ്രദ്ധയോ ഉണ്ടോ എന്നാണ് ഇവർ പരിശോധിക്കുന്നത്. എഎഐബിയുടെ സാങ്കേതിക റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ സിഐഡി അന്വേഷണം പൂർത്തിയാക്കൂ.


