മുംബൈ: ബിജെപിക്ക് ഒപ്പം ചേർന്ന് വെറും 80 മണിക്കൂർ ആയുസ്സുള്ള സർക്കാരിൽ ഉപമുഖ്യമന്ത്രിയായി രാജി വച്ച് തിരികെ വന്ന അജിത് പവാർ മഹാരാഷ്ട്ര വികാസ് അഘാഡി സർക്കാരിലും ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. മുംബൈയിൽ വിവിധ പദവികൾ ആർക്കെല്ലാം നൽകണമെന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ ചേരുന്ന സർവകക്ഷിയോഗത്തിൽ തനിക്ക് ഉപമുഖ്യമന്ത്രിപദം തന്നെ വേണമെന്ന് അജിത് പവാർ ഉറച്ച നിലപാടെടുത്തു. തിരികെ പാർട്ടിയിലേക്ക് വരുമ്പോൾ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ തനിക്ക് തന്ന വാഗ്ദാനം ഉപമുഖ്യമന്ത്രിപദമാണെന്ന് അജിത് പവാർ‍ യോഗത്തിൽ ചൂണ്ടിക്കാട്ടി. 

അജിത് പവാർ തന്നെയായിരുന്നു മഹാരാഷ്ട്രയിൽ പാർട്ടിക്ക് ചുക്കാൻ പിടിച്ചിരുന്നത്. സർക്കാർ രൂപീകരണത്തിൽ ശരദ് പവാറിന്‍റെ മകളും എംപിയുമായ സുപ്രിയ സുലെ പ്രധാന റോൾ ഏറ്റെടുത്തതോടെയാണ് അജിത് പവാർ തന്‍റെ ഭാവി പാർട്ടിയിൽ ഇരുളടഞ്ഞതാകുമോ എന്ന് ഭയന്നതും മറുകണ്ടം ചാടിയതും. തിരികെ വന്ന അജിത് പവാറിന് പ്രാധാന്യമുള്ള പദവി തന്നെ നൽകണമെന്ന് ഭൂരിപക്ഷം എൻസിപി എംഎൽഎമാരും ശരദ് പവാറിനോട് ആവശ്യപ്പെട്ടതാണ് സൂചന. അന്തിമതീരുമാനം എന്തായാലും ശരദ് പവാറിന്‍റേതാകും. 

എന്നാൽ കോൺഗ്രസിന് സ്പീക്കർ പദവിയുമുണ്ടാകില്ലെന്ന സൂചനയാണ് വരുന്നത്. മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വരുമ്പോൾ, ഉപമുഖ്യമന്ത്രിപദം സഖ്യത്തിൽ പിന്നെ ഏറ്റവും കൂടുതൽ സീറ്റുള്ള എൻസിപിക്ക് തന്നെയാണ്. ഇതാണ് തനിക്ക് വേണമെന്ന് അജിത് പവാർ വാശിപിടിക്കുന്നത്. അതിനാലാണ് സ്പീക്കർ പദവി കോൺഗ്രസിന് നൽകുമെന്ന സൂചന പുറത്തുവന്നത്. എന്നാൽ കൂടുതൽ മന്ത്രിപദവികൾ നൽകുമെങ്കിൽ, സ്പീക്കർ പദവി കോൺഗ്രസ് വേണ്ടെന്ന് വയ്ക്കുകയാണെന്നാണ് സൂചന. പതിമൂന്ന് മന്ത്രിപദവികൾ കോൺഗ്രസിന് കിട്ടിയേക്കും. ശിവസേനയ്ക്ക് 16 മന്ത്രിപദവിയും എൻസിപിയ്ക്ക് 15 മന്ത്രിപദവിയും കിട്ടാനാണ് സാധ്യത.

അതേസമയം, പാർട്ടിയിൽ നിന്ന് പുറത്തുപോയത് കലാപമൊന്നുമായിരുന്നില്ലെന്നാണ് അജിത് പവാർ പറയുന്നത്. ''എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് നിങ്ങൾ കണ്ടോ? എന്നെ പാർട്ടി പുറത്താക്കിയെന്ന എന്തെങ്കിലും വാർത്താക്കുറിപ്പ് നിങ്ങൾ കണ്ടോ?'', എന്ന് മാധ്യമപ്രവർത്തകരോട് അജിത് പവാർ ചോദിച്ചു. 

സോണിയയും രാഹുലുമില്ല

നാളെ മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. എന്നാൽ സുപ്രധാനമായ ഒരു രാഷ്ട്രീയ വഴിത്തിരിവിലൂടെ ശിവസേന - എൻസിപി - കോൺഗ്രസ് സർക്കാർ മഹാരാഷ്ട്ര പോലൊരു വലിയ സംസ്ഥാനത്ത്, അതും ബിജെപിക്ക് തിരിച്ചടി നൽകിക്കൊണ്ട് അധികാരമേൽക്കുമ്പോൾ, അത് കാണാൻ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയോ രാഹുൽ ഗാന്ധി എംപിയോ ഉണ്ടാകില്ല. അതേസമയം, ശിവസേനാ യുവനേതാവ് ആദിത്യ താക്കറെ മുംബൈയിൽ പോയി സോണിയാഗാന്ധിയെ നേരിട്ട് ക്ഷണിക്കും.

പശ്ചിമബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജിയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കില്ല. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹവും എത്തില്ല.

അനുകൂലിച്ചില്ലെന്ന് സിപിഎം

അതേസമയം, ബിജെപി അധികാരത്തിലേറുന്നത് തടയാനായി ശിവസേന - എൻസിപി - കോൺഗ്രസ് സർക്കാരിന്‍റെ രൂപീകരണത്തെ എതിർക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ പുറത്താക്കണമെന്നും, സിപിഎം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിർദേശങ്ങൾ അനുസരിച്ച് കളിക്കുകയായിരുന്നു ഗവർണറെന്നും സിപിഎം. മുംബൈയിലെ ഒരു ഹോട്ടലിൽ നടന്ന ഒരു പരിപാടിയിലും സിപിഎമ്മിന്‍റെ എംഎൽഎയോ, നേതാക്കളോ പങ്കെടുത്തിട്ടില്ലെന്നും, ഗവർണർ പുറത്തുവിട്ട അത്തരം കത്തിലെ വിവരങ്ങൾ തെറ്റാണെന്നും സിപിഎം അറിയിച്ചു. 

കനത്ത സുരക്ഷയാണ് നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനായി ശിവാജി പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ഏതാണ്ട് 2000 പൊലീസുദ്യോഗസ്ഥരാണ് ശിവാജി പാർക്കിന് സുരക്ഷയൊരുക്കുന്നത്.