മുംബൈ: എന്‍സിപി പിളര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച അജിത്ത് പവാറിനെ എന്‍സിപി സ്വീകരിച്ചേക്കും എന്നാണ് മുംബൈയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. അജിത്ത് പവാറിനെ ത്രികക്ഷി സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രിസഭയില്‍ ചേർക്കുമെന്നും ശിവസേനാ മേധാവി ഉദ്ധവ് താക്കറെ വ്യക്തമാക്കിയതായി സൂചന.

അജിത്ത് പവാറിനെ രാജിവയ്പ്പിച്ച് തിരികെ കൊണ്ടു വരാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഉദ്ധവ് താക്കറെ നേരിട്ട് അജിത്തുമായി ആശയവിനിമയം നടത്തി ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയതെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഉദ്ധവ് താക്കറെയായിരിക്കും മുഖ്യമന്ത്രി എന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 

കഴിഞ്ഞ രണ്ട് ദിവസമായി അജിത്ത് പവാറിനെ തിരികെ പാര്‍ട്ടിയില്‍ എത്തിക്കാനായി ശരത് പവാറും സുപ്രിയ സുലെയും നീക്കങ്ങള്‍ നടത്തി വരികയായിരുന്നു. അജിത്ത് പവാറിന്‍റെ സഹോദരങ്ങള്‍ മധ്യസ്ഥരാക്കി നടത്തിയ ചര്‍ച്ചകളില്‍ കൂടെയുള്ള രണ്ട് എംഎല്‍എമാരുമായി പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ ശരത് പവാര്‍ അജിത്ത് പവാറിനോട് ആവശ്യപ്പെട്ടതായാണ് സൂചന. ത്രികക്ഷി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ എന്‍സിപി പ്രതിനിധിയായി അജിത്തിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്ന് അജിത്ത് പവാറും വാഗ്ദാനം ചെയ്തതായാണ് സൂചന. 

മഹാരാഷ്ട്ര സഹകരണബാങ്ക് തട്ടിപ്പ്, വിഭര്‍ഭ ജലസേചന പദ്ധതി കുംഭക്കോണം  എന്നിവയുമായി ബന്ധപ്പെട്ട് സിബിഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികളുടെ അന്വേഷണം അജിത്ത് പവാര്‍ നേരിടുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ രാത്രി വരെ പങ്കെടുത്ത അജിത്ത് പവാര്‍ അടുത്ത ദിവസം രാവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റെടുക്കുകയാണ് ചെയ്തത്.

ട്വിറ്റര്‍ പ്രൊഫൈലില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയെന്ന് ചേര്‍ത്തെങ്കിലും സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്തി അജിത്ത് അധികാരമേറ്റെടുത്തിരുന്നില്ല. ബിജെപി-അജിത്ത് പവാര്‍ സഖ്യം നിലവില്‍ വന്ന് നാലാം ദിവസം അജിത്ത് പവാറിനെതിരായ 70,000 കോടിയുടെ ജലസേചന കുംഭക്കോണ കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി എന്‍ഫോഴ്സ്മെന്‍റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിനു തൊട്ടു പിന്നാലെയാണ് ബിജെപി ബാന്ധവം ഉപേക്ഷിച്ച് അജിത്ത് ഉപമുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നത്. 

തിങ്കളാഴ്ച വൈകിട്ട് എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് കക്ഷികള്‍ തങ്ങളുടെ 162 എംഎല്‍എമാരെ അണിനിരത്തി ഹോട്ടല്‍ മാരിയറ്റില്‍ നടത്തിയ പരേഡോടെ അജിത്ത് പവാറിന്‍റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചിരുന്നു. 35 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നാണ് അജിത്ത് പവാറിനൊപ്പമുള്ളവര്‍ ആദ്യം അവകാശപ്പെട്ടിരുന്നവര്‍ എന്നാല്‍ മുംബൈയില്‍ ശക്തമായ സ്വാധീനമുള്ള ശിവസേനയും കളമറിഞ്ഞ് കളിക്കുന്ന ശരത് പവാറും രംഗത്ത് ഇറങ്ങിയതോടെ 33 എംഎല്‍എമാരും തിരികെ ത്രികക്ഷി ക്യാംപിലെത്തി. നേട്ടങ്ങളുടെ പട്ടികയെടുത്താല്‍ നാല് ദിവസത്തിനിടെയുള്ള ഈ നിലപാട് മാറ്റങ്ങള്‍ കൊണ്ട് അജിത്ത് പവാറിന് ഗുണം മാത്രമാണ്. 

ഉപമുഖ്യമുഖ്യമന്ത്രിയാവാന്‍ പോയ അജിത്ത് പവാറിന് തിരികെ വന്നാലും ഉപമുഖ്യമന്ത്രിസ്ഥാനമോ മന്ത്രിസ്ഥാനമോ നിലവില്‍ ഉറപ്പാണ്. ജലസേചനക്കേസില്‍ നിന്നും തടിയൂരാന്‍ സാധിച്ചതും വലിയ നേട്ടമായിരിക്കും. കൂറുമാറ്റവും കുത്തിതിരിപ്പും കാലുവാരലും ഏറെ കണ്ട ഇന്ത്യന്‍ രാഷ്ട്രീയത്തില്‍  80 മണിക്കൂര്‍ കൊണ്ട് പാര്‍ട്ടി വിട്ട് ഉപമുഖ്യമന്ത്രിയായി അതും രാജിവച്ച് തിരിച്ചെത്തുന്ന ആദ്യത്തെ നേതാവായി ചിലപ്പോള്‍ അജിത്ത് പവാര്‍ മാറിയേക്കാം. എന്‍സിപിയില്‍ ശരത് പവാറിന് ശേഷം രണ്ടാമനായി വിശേഷിപ്പിക്കപ്പെട്ട അജിത്ത് പവാറിന് പഴയ മേല്‍ക്കൈ രണ്ടാം വരവില്‍ ലഭിക്കുമോ എന്നതും ഇപ്പോഴത്തെ ബഹളങ്ങളൊക്കെ ഒതുങ്ങിയ ശേഷം ശരത് പവാര്‍ എങ്ങനെ തന്‍റെ അനന്തരവനെ കൈകാര്യം ചെയ്യും എന്നതും കണ്ടറിയണം.