Asianet News MalayalamAsianet News Malayalam

മുസ്ലീങ്ങളെയും പൗരത്വ നിയമ ഭേദ​ഗതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയേ മതിയാകൂ; അകാലിദൾ എംപി നരേഷ് ​ഗുജ്റാൾ

സഖ്യകക്ഷികൾക്ക് ആവശ്യമായ പരി​ഗണനയും ബഹുമാനവും നൽകേണ്ടതെങ്ങനെയെന്ന് ഇന്നത്ത തലമുറയിലെ ബിജെപി നേതാക്കൾ  മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന വാജ്പേയിയിൽ നിന്നും പഠിക്കണമെന്നും  എംപി നരേഷ് ​ഗുജ്റാൾ കൂട്ടിച്ചേർത്തു.

Akali Dal Leader mp  Naresh Gujral  says to BJP that must include Muslims in caa
Author
Delhi, First Published Dec 25, 2019, 12:06 PM IST

ദില്ലി: എൻഡിഎ സഖ്യത്തിലെ ഭൂരിഭാ​ഗം അം​ഗങ്ങളും അസന്തുഷ്ടരാണെന്ന് ശിരോമണി അകാലിദൾ രാജ്യസഭാ എംപി നരേഷ് ​ഗുജ്റാൾ വെളിപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ട്. ദേശീയ പൗരത്വ പട്ടികയ്ക്ക് തങ്ങള്‍ പൂര്‍ണമായും എതിരാണെന്നും നരേഷ് ഗുജ്‌റാള്‍ കൂട്ടിച്ചേർത്തു. പൗരത്വ നിയമ ഭേദ​ഗതി നടപ്പിലാക്കിയില്ലെങ്കിൽ പുനർവിചിന്തനം നടത്താൻ സമയമുണ്ടെന്നും മുസ്ലീങ്ങളെയും പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയേ മതിയാകൂ ‌‌ എന്നും ശിരോമണി അകാലിദൾ എംപി ആവശ്യപ്പെട്ടു. 

സഖ്യകക്ഷികൾക്ക് ആവശ്യമായ പരി​ഗണനയും ബഹുമാനവും നൽകേണ്ടതെങ്ങനെയെന്ന് ഇന്നത്ത തലമുറയിലെ ബിജെപി നേതാക്കൾ  മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന വാജ്പേയിയിൽ നിന്നും പഠിക്കണമെന്നും  എംപി നരേഷ് ​ഗുജ്റാൾ കൂട്ടിച്ചേർത്തു. സിഎഎയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോഴും പാർട്ടി മേധാവിയായ സുഖ്ബീര്‍ സിംഗ് ബാദല്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിസ്താനിലും പാകിസ്താനിലും 60,000നും 70,000നും ഇടയ്ക്ക് മുസ്ലീങ്ങളെ താലിബാന്‍ പീഡിപ്പിച്ചിട്ടുണ്ട് എന്നത് വലിയ പ്രശ്‌നമാണ്. ഇതില്‍ ഇന്ത്യയിലേയ്ക്ക് വന്നവര്‍ 10-12 വര്‍ഷമായി പൗരത്വമില്ലാതെ കഴിയുകയാണ്. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ഗുജ്റാൾ വ്യക്തമാക്കി.

അകാലി ദള്‍ സിഖുകാരെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ സഹിഷ്ണുതയില്‍ വിശ്വസിക്കുന്നു. ദേശീയ പൗരത്വ രജിസ്റ്റർ ന്യൂനപക്ഷവിഭാ​ഗങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. അവരുടെ മനസ്സിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. രാജ്യത്ത് അക്രമങ്ങളുണ്ടാകുകയും ജനങ്ങൾ കൊല്ലപ്പെടുകയും ചെയ്യരുത്. എല്ലാ അക്രമസംഭവങ്ങൾക്കും അവസാനമുണ്ടാകണം. പൗരത്വ നിയമ ഭേദ​ഗതിയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ രാജ്യത്തെമ്പാടും 24 പേർ കൊല്ലപ്പെട്ട സംഭവത്തെയാണ് ​ഗുജ്റാൾ പരാമർശിച്ചത്. 

പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ ബിഹാറിലെ ജെഡിയുവും വോട്ട് ചെയ്തിരുന്നു. എന്നാൽ  എന്‍ആര്‍സി ബിഹാറില്‍ നടപ്പാക്കില്ല എന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞത്. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും ബിജു ജനതാദളിന്റേയും അധ്യക്ഷരായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് എന്നിവര്‍ തങ്ങളുടെ സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios