അന്നസേവ വേദിയിൽ നിന്നുള്ള ആകാശിന്‍റെയും ശ്ലോകയുടെയും വിഡിയോയാണ് ശ്രദ്ധേയം
പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയുടെയും വിവാഹാഘോഷങ്ങള്‍ക്കു തുടക്കമായി. പ്രീവെഡ്ഡിങ് ആഘോഷങ്ങളുടെ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇതാ അന്നസേവ വേദിയിൽ നിന്നുള്ള ആകാശിന്‍റെയും ശ്ലോകയുടെയും വിഡിയോയാണ് ശ്രദ്ധേയം.
ആകാശിന്റെ വിവാഹത്തിനു മുന്നോടിയായുള്ള അന്നസേവ മാർച്ച് 6ന് ജിയോ ഗാർഡൻസിലായിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങള്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തതിന് ശേഷം ആകാശിനോടും ശ്ലോകയോടും മാത്രം ചിത്രങ്ങൾക്കു പോസ് ചെയ്യാൻ ഫൊട്ടോഗ്രാഫർമാർ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് ഇരവരും നിന്നു. ‘ശ്ലോക ചിരിക്കുമ്പോൾ അവളുടെ ചിത്രങ്ങളെടുക്കണേ’ എന്നായിരുന്നു ആകാശിന്റെ അഭ്യര്‍ഥന. ഇതു കേട്ടതോടെ ശ്ലോക ചിരിക്കുന്നതും ആകാശിനോട് എന്തോ പറയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനുശേഷം ഒറ്റയ്ക്കു പോസ് ചെയ്യണമെന്നു ഫൊട്ടോഗ്രാഫർമാർ ഇരുവരോടും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ആകാശ് നൽകിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ‘‘കല്യാണമല്ലേ, ജന്മദിനാഘോഷമല്ലല്ലോ. ഇനി ഞങ്ങള്‍ രണ്ടു ശരീരവും ഒരു ആത്മാവുമാണ്’’– ആകാശ് പറഞ്ഞു.
സ്വിറ്റ്സർലൻഡിലും മുംബൈയിലെ ആഡംബര വസതിയായ ആന്‍റിലയിലും വെച്ചായിരുന്നു പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ നടന്നത്. ഹാരി പോട്ടർ സിനിമകളിലെ തീം അനുസരിച്ചാണ് ആന്റില ഒരുക്കിയത്. മാന്ത്രിക സ്കൂളായ ഹോഗ്‌വാർട്ട്‌സിലെ ഡിന്നർ ടേബിള്‍, പ്ലാറ്റ്ഫോം 9 3/4, ഹോഗ്‌വാർട്ട്‌സ് എക്സ്പ്രസ് എന്നിവ ആന്റിലയിൽ സൃഷ്ടിച്ചു. ഒഴുകി നടക്കുന്ന മെഴുകിതിരകളും നിഗൂഢമായ സംഗീതവുമെല്ലാം അഥിതികള്‍ക്ക് കാഴ്ചയായി.
സ്വിറ്റ്സർലൻഡിലെ സെന്റ് മോറിറ്റ്സിലായിരുന്നു ആകാശിന്റെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കു തുടക്കമായത്.സെന്‍റ് മോറിറ്റ്സ് തടാകത്തിന് സമീപം 20 മീറ്റർ ഉയരത്തിൽ ഇതിനായി ഉയര്‍ന്ന ടെന്‍റ് ഒരു അത്ഭുത നഗരത്തിന്‍റെ സൂചനങ്ങളായിരുന്നു. മഞ്ഞു പൊഴിയുന്ന സെന്റ് മോറിറ്റ്സിലെ ആരെയും അദ്ഭുതപ്പെടുത്തുന്ന നിറഞ്ഞ ഈ വേദിയുടെ പേര് ‘വിന്റർ വണ്ടർലാൻഡ്’എന്നായിരുന്നു.
പ്രകാശസംവിധാനങ്ങളാൽ അലംകൃതമായ വേദി. ചില്ലു കൂടാരങ്ങൾക്ക് അകത്ത് പലവിധം വർണങ്ങള്‍ മിന്നിത്തിളങ്ങുന്നു. കൂറ്റൻ യന്ത്ര ഊഞ്ഞാൽ ഉൾപ്പടെ വിനോദത്തിനായി പലവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഗീതത്തിനൊപ്പം പലരൂപങ്ങളിലേക്കു മാറുന്ന ലൈറ്റുകളും ചേർന്ന ഡ്രോൺ ഷോ രാത്രി കാഴ്ചകളെ വിസ്മയമാക്കി.
രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കരണ്‍ ജോഹര്‍, വിദ്യാ ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 850 അതിഥികളെ മാത്രമാണ് ക്ഷണിച്ചത്. സൂറിക്ക് എയർപോർട്ടിൽ നിന്നും 200 കിലോമീറ്റർ ദൂരമുണ്ട് സെന്‍റ് മോറിറ്റ്സിലെത്താൻ. ടാക്‌സി ഫ്ലൈറ്റുകളിലും ലിമോസിനുകളിലുമായാണ് അതിഥികളെ എത്തിച്ചത്.
രാജസ്ഥാനിലെ ഉദയ്പൂർ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ മകളുടേത്. ഇഷ അംബാനിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം പൂര്‍ത്തിയാകുമ്പോഴാണ് മകന്‍റെ വിവാഹം നടക്കാന്‍ പോകുന്നത്.

