ലഖ്നൌ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അടക്കം ഒരു പാര്‍ട്ടിയുമായി സഖ്യത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്. എന്നാല്‍ ചെറുകക്ഷികളുമായി ചില നീക്കുപോക്കുകള്‍ക്ക് തയ്യാറാണെന്ന് അഖിലേഷ് സൂചിപ്പിച്ചു. പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയ അമ്മാവന്‍ ശിവപാല്‍ യാദവിന് ഭരണത്തില്‍ ഏറിയാല്‍ ക്യാബിനറ്റ് റാങ്ക് നല്‍കുമെന്നും അഖിലേഷ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

എന്നാല്‍ ബിഎസ്പി അടക്കമുള്ള വലിയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും അഖിലേഷ് തള്ളിക്കളഞ്ഞു. അമ്മാവന്‍ ശിവപാല്‍ യാദവിന്‍റെ സീറ്റായ ജസ്വന്ത് നഗര്‍ ഒഴിച്ചിടും, അദ്ദേഹം അവിടെ മത്സരിച്ച് ജയിച്ചാല്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ അദ്ദേഹത്തിന് മന്ത്രിസഭയില്‍ അംഗമാകാം അഖിലേഷ് പറഞ്ഞു.

2022 ഏപ്രിലിലോ, മാര്‍ച്ചിലോ ആയിരിക്കും ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 2017 തെര‌ഞ്ഞെടുപ്പിന് മുന്‍പാണ് അഖിലേഷ് യാദവിനോട് ഇടഞ്ഞ് അമ്മാവന്‍ ശിവപാല്‍ യാദവ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് ഇദ്ദേഹം പിഎസ്പി (ലോഹ്യ) എന്ന പാര്‍ട്ടി ഉണ്ടാക്കി 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഇദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കുമോ എന്ന ചോദ്യത്തിനാണ് അഖിലേഷിന്‍റെ ഉത്തരം.

ബിഹാറിലെ മഹാസഖ്യത്തിന്‍റെ തോല്‍വില്‍ പ്രതികരിച്ച അഖിലേഷ്, മഹാസഖ്യത്തിനായിരുന്നു ജനപിന്തുണ. അത് റാലികളിലും, അഭിപ്രായ സര്‍വേയിലും കണ്ടതാണ്. പക്ഷെ ഇവിഎം വോട്ട് എണ്ണി തുടങ്ങിയതോടെ വിജയം മാറി. വിജയം മറ്റുചിലര്‍ക്കായി. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വി സംബന്ധിച്ച് പ്രതികരിച്ച അഖിലേഷ് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ചത് അവരുടെ സര്‍ക്കാറിന്‍റെ ഉദ്യോഗസ്ഥരാണ് എന്ന് കുറ്റപ്പെടുത്തി.