" എസ്പി-സഖ്യത്തിന് 51.5 ശതമാനം പോസ്റ്റൽ ബാലറ്റ് വോട്ടുകൾ ലഭിച്ചു, അതായത് 304 സീറ്റുകളിൽ എസ്പി വിജയം രേഖപ്പെടുത്തി," 

ലഖ്‌നൗ: കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ (UP Assembly Election) തപാൽ ബാലറ്റുകളുൾപ്പെടെ സമാജ് വാദി പാർട്ടി (Samajwadi Party) 304 സീറ്റുകളിൽ വിജയം നേടിയെന്ന അവകാശവാദവുമായി അഖിലേഷ് യാദവ് (Akhilesh Yadav). എസ് പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 51.5 ശതമാനം തപാൽ ബാലറ്റുകൾ ലഭിച്ചെന്നും അതിന്റെ അടിസ്ഥാനത്തിൽ 304 സീറ്റുകൾ നേടിയെന്നുമാണ പാർട്ടിയുടെ അവകാശവാദം. 

" എസ്പി-സഖ്യത്തിന് 51.5 ശതമാനം പോസ്റ്റൽ ബാലറ്റ് വോട്ടുകൾ ലഭിച്ചു, അതായത് 304 സീറ്റുകളിൽ എസ്പി വിജയം രേഖപ്പെടുത്തി," അദ്ദേഹം ഹിന്ദി ട്വീറ്റിൽ പറഞ്ഞു. "തെരഞ്ഞെടുപ്പിൽ എസ്പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ വിജയത്തെക്കുറിച്ചുള്ള സത്യമാണ് ഇത് പറയുന്നത്. തപാൽ ബാലറ്റ് രേഖപ്പെടുത്തിയ ഓരോ സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും വോട്ടർമാർക്കും നന്ദി" എന്നും അഖിലേഷ് ട്വീറ്റിൽ കുറിച്ചു. 

തെരഞ്ഞെടുപ്പിൽ 255 സീറ്റുകൾ നേടി ബിജെപി വിജയിച്ചിരുന്നു. 32 ശതമാനത്തോളമാണ് രണ്ടാം സ്ഥാനത്തുള്ള സമാജ്‍വാദി പാര്‍ട്ടിയുടെ വോട്ട് വിഹിതം. 2017ല്‍ 21.82 ശതമാനമായിരുന്ന വോട്ട് വിഹതമാണ് സമാജ്‍വാദി പാര്‍ട്ടി ഇപ്പോള്‍ 32 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം 2017ല്‍ 22.23 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ബിഎസ്‍പിക്ക് 2022 ആയപ്പോഴേക്കും ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വോട്ട് വിഹിതം 12.8 ശതമാനമായി കുറഞ്ഞു. രാഷ്‍ട്രീയ ലോക് ദള്‍ പാര്‍ട്ടിക്ക് 3.19 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 2.35 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ടുകള്‍.