ലഖ്നൗ: യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി എസ് പി നേതാവ് അഖിലേഷ് യാദവ്. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നതിനുള്ള ജനങ്ങളുടെ അവകാശമാണ് സര്‍ക്കാര്‍ തട്ടിപ്പറിക്കുന്നതെന്ന് അഖിലേഷ് കുറ്റപ്പെടുത്തി.

'മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ഭരണഘടനയുടെ തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അധികാരത്തിന്‍റെ നിയന്ത്രണത്തിലുള്ള ജനങ്ങള്‍ ടെലിവിഷന്‍ ചാനലുകളുടെയും പത്രങ്ങളുടെയും സഹായത്തോടെയാണ് തങ്ങള്‍ക്ക് പറയാനുള്ളത് അറിയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ സാമൂഹ്യ മാധ്യമങ്ങളിലെ സ്വാതന്ത്ര്യവും തട്ടിപ്പറിക്കുകയാണ്. ഈ കലുഷിതമായ സാഹചര്യത്തില്‍ നാം ജനാധിപത്യത്തിന്‍റെ നാലാമത്തെ തൂണിനൊപ്പം നിലകൊള്ളണം'- അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു. 

യോഗി ആദിത്യനാഥിനെതിരെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതിനാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റായ ദ വയറിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ, പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്‍റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരാണ് അറസ്റ്റിലായത്.

ദില്ലിയിലെ വീട്ടില്‍ നിന്ന് ശനിയാഴ്ചയാണ് പൊലീസ് പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. പ്രശാന്ത് കനോജിയയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭാര്യ നല്‍കിയ പരാതിയില്‍ കനോജിയയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.