ലഖ്നൗ: പൗരത്വ ഭേദഗതി ബില്ലിനെതിരെ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. തങ്ങളുടെ പാർട്ടി പൗരത്വ (ഭേദഗതി) ബില്ലിന് എതിരാണെന്നും ഇന്ത്യയ്ക്ക് തന്നെ ഇത് നാണക്കേടാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. 

കർഷകരുടെ വരുമാനം ഇരട്ടിയാക്കിയിട്ടില്ല, ഗംഗാ നദിയും വൃത്തിയാക്കിയിട്ടില്ല. സമ്പദ്‌വ്യവസ്ഥയിൽ പുരോഗതിയില്ല, കള്ളപ്പണം തിരികെ വന്നിട്ടില്ല, രാജ്യത്തെ പെൺമക്കളെ രക്ഷിക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല. ഞാൻ നേരത്തെ പറഞ്ഞതുപോലെ, പല വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കലുമാണ് അവരുടെ രാഷ്ട്രീയം- അഖിലേഷ് യാദവ് പറഞ്ഞു.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള മുസ്‍ലിം ഇതര മതവിശ്വാസികള്‍ക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള പൗരത്വ നിയമഭേദഗതി ബിൽ ജനുവരി എട്ടിനാണ് ലോക്സഭയിൽ പാസാക്കിയത്. 2014 ൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്, ഇന്ത്യയില്‍ ആറ് വര്‍ഷം താമസിച്ചാല്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിക്കുന്നതാണ് നിയമം.