ആശംസകളും അഭിനന്ദനങ്ങളും ഏറെ സന്തോഷിപ്പിച്ചെങ്കിലും അക്ഷയ് കുമാര്‍ കാത്തിരുന്നത് തന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു അഭിപ്രായത്തിന് വേണ്ടിയായിരുന്നു.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള അഭിമുഖമായിരുന്നു ബുധനാഴ്ച ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രം. മോദിക്ക് മാമ്പഴത്തോടുള്ള പ്രിയം മുതല്‍ രാഷ്ട്രീയം കലരാതെ ജീവിതത്തിലെ പല കാര്യങ്ങളും തുറന്നുപറഞ്ഞ അഭിമുഖം ഏറെ ചര്‍ച്ചയായിരുന്നു. അഭിമുഖത്തിന് ശേഷം അക്ഷയ് കുമാറിനെത്തേടി എത്തിയത് അഭിനന്ദന പ്രവാഹം. സോഷ്യല്‍ മീഡിയയിലൂടെ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ അക്ഷയ്ക്ക് ആശംസകളുമായെത്തി. അഭിമുഖത്തെ പ്രശംസിച്ചവരില്‍ അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, അനില്‍ കപൂര്‍ തുടങ്ങിയ പ്രമുഖരുമുണ്ട്. നിരവധി പ്രശംസകള്‍ ലഭിച്ചപ്പോഴും തൃപ്തനാകാതിരുന്ന അക്ഷയ് കാത്തിരിക്കുന്നത് ആ ഒരാളുടെ ഫോണ്‍ കോളിനാണ്!
അക്ഷയ് കുമാറിന്‍റെ സിനിമകള്‍ പോലെ തന്നെ ഹിറ്റായ അഭിമുഖത്തില്‍ മാതാവിന്‍റെ കൈയ്യില്‍ നിന്ന് ചെലവിന് പണം വാങ്ങുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തനിക്ക് കുര്‍ത്തകള്‍ അയയ്ക്കാറുണ്ടെന്നുമുള്ള മോദിയുടെ വാക്കുകളെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിരുന്നു.
രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുമായുള്ള അഭിമുഖത്തിന് സിനിമാ താരത്തിന് അവസരം ലഭിച്ചു എന്നത് അസാധാരണവും ആദ്യത്തെ അനുഭവവും ആണെന്ന് അക്ഷയ് കുമാറിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ബിഗ് ബി തന്‍റെ ആശംസ അറിയിച്ചത്.
എന്നാല്‍ അനില്‍ കപൂര്‍ അല്‍പ്പം കൂടി വികാരാധീനനായാണ് അഭിനന്ദനം അറിയിച്ചത്. ജീവിതത്തില്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച മോദിയും അക്ഷയ്യും തനിക്ക് പ്രചോദനമായി എന്നാണ് അനില്‍ കപൂര്‍ കുറിച്ചത്. മോദിയുടെ നര്‍മ്മം കലര്‍ന്ന സംസാരത്തെ പ്രശംസിച്ചായിരുന്നു അനുപം ഖേറിന്‍റെ ട്വീറ്റ്.
ആശംസകളും അഭിനന്ദനങ്ങളും ഏറെ സന്തോഷിപ്പിച്ചെങ്കിലും അക്ഷയ് കുമാര്‍ കാത്തിരുന്നത് തന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു അഭിപ്രായത്തിന് വേണ്ടിയായിരുന്നു. മറ്റെന്തിനെക്കാളും പ്രിയപ്പെട്ട തന്‍റെ അമ്മയുടെ അഭിപ്രായത്തിനായാണ് അക്ഷയ‍്‍യുടെ കാത്തിരിപ്പ്. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കവെയായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.
'രാത്രി മുഴുവന്‍ ഷൂട്ടിങിന്‍റെ തിരക്കിലായിരുന്നു. ട്വിറ്ററിലെ പ്രതികരണങ്ങള്‍ നോക്കികൊണ്ടിരിക്കുകയാണ്. ധാരാളം ഫോണ്‍ കോളുകളും സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ കാത്തിരിക്കുന്നത് അമ്മയുടെ പ്രതികരണത്തിനാണ്. ഏറ്റവും സത്യസന്ധമായ അഭിപ്രായം നല്‍കുന്നത് അമ്മയാണ്'- അക്ഷയ് കുമാര്‍ പറഞ്ഞു.
