Asianet News MalayalamAsianet News Malayalam

ആദ്യം ഖുശ്ബു, ഇപ്പോൾ അളഗിരിയും, തമിഴകത്ത് നേട്ടം കൊയ്യുമോ ബിജെപി?

ദ്രാവിഡരാഷ്ട്രീയത്തിന്‍റെ തലതൊട്ടപ്പൻമാരിൽ ഒരാളായിരുന്ന കരുണാനിധിയുടെ മകൻ എം കെ അളഗിരി ബിജെപി നയിക്കുന്ന സഖ്യത്തിന്‍റെ ഭാഗമാകുന്നു എന്നത് തമിഴ്നാട്ടിലെ രാഷ്ട്രീയചരിത്രത്തിൽത്തന്നെ നിർണായകമാണ്. 

alagiri son of karunanidhi to float a party and join bjp led alliance in tamil nadu
Author
Chennai, First Published Nov 16, 2020, 6:17 PM IST

ചെന്നൈ: നിയമസഭാതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന തമിഴ്നാട്ടിൽ നിർണായകനീക്കങ്ങളുമായി ബിജെപി. രജനീകാന്തിനെ എന്തുവില കൊടുത്തും സഖ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ, ഡിഎംകെയുടെ തലതൊട്ടപ്പൻമാരിൽ ഒരാളായ കലൈഞ്ജർ കരുണാനിധിയുടെ മൂത്ത മകനായ എം കെ അളഗിരിയെ ബിജെപി സഖ്യത്തിലെത്തിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഡിഎംകെയുടെ അധ്യക്ഷനായ സ്റ്റാലിന്‍റെ ബദ്ധവൈരിയായ അളഗിരി പുതിയ പാർട്ടി രൂപീകരിച്ച് ബിജെപി സഖ്യത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. നവംബർ 21-ന് ചെന്നൈയിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അഴഗിരി കൂടിക്കാഴ്ച നടത്തും.

കോൺഗ്രസിന്‍റെ പ്രധാനനേതാക്കളിൽ ഒരാളായിരുന്ന ഖുശ്ബുവിനെ ബിജെപി പാളയത്തിലെത്തിച്ചതിന് പിന്നാലെയാണ് അളഗിരിയെക്കൂടി സഖ്യത്തിലേക്ക് എത്തിക്കാൻ ബിജെപി ശ്രമിക്കുന്നത്. അളഗിരി ബിജെപിയിലെത്തിയാൽ അത് ഡിഎംകെയുടെ രാഷ്ട്രീയചരിത്രത്തിൽത്തന്നെ നിർണായകമായ ഒരു വഴിത്തിരിവാകും. തെക്കൻ തമിഴ്നാട്ടിൽ ചില ശക്തികേന്ദ്രങ്ങളിലെങ്കിലും ഡിഎംകെയ്ക്ക് അതൊരു വെല്ലുവിളിയുമാകാം.

ഡിഎംകെയിലെ സ്റ്റാലിൻ വിരുദ്ധരാണ് ഇപ്പോൾ ബിജെപിയിലേക്ക് പോകുന്നതെന്നതാണ് ശ്രദ്ധേയം. സ്റ്റാലിനുമായുള്ള കടുത്ത അഭിപ്രായഭിന്നതയുടെ പേരിലാണ് ഖുശ്ബു ഡിഎംകെ വിട്ട് കോൺഗ്രസിലെത്തിയത്. അളഗിരിയും സ്റ്റാലിനും തമ്മിൽ കണ്ടാൽപ്പോലും മിണ്ടാത്ത തരം വൈരമുണ്ട്. അളഗിരി ബിജെപിയുമായി ചർച്ച നടത്തുന്നുവെന്ന് സ്റ്റാലിന് അറിയാമായിരുന്നുവെന്നാണ് ഡ‍ിഎംകെയിൽ നിന്ന് വരുന്ന സൂചന. അതിന് വലിയ പ്രാധാന്യം കൽപിക്കേണ്ടതില്ലെന്നാണ് സ്റ്റാലിന്‍റെ തീരുമാനമെങ്കിലും ഇന്ന് ഡിഎംകെ ആസ്ഥാനത്ത് നടന്ന ഉന്നതതലയോഗത്തിൽ ഇക്കാര്യവും ചർച്ചയായിട്ടുണ്ട്. 

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ അളഗിരി മാത്രമേയുണ്ടാകൂ എന്നാണ് സൂചന. കലൈഞ്ജർ ഡിഎംകെ എന്നോ, കെഡിഎംകെ എന്നോ ആയിരിക്കും അളഗിരിയുടെ പാർട്ടിയുടെ പേരെന്നാണ് സൂചന. അളഗിരിയുടെ മകൻ ദയാനിധിയും പാർട്ടിയുടെ യുവജ‍നസംഘടനയുടെ അധ്യക്ഷൻ. ഉദയനിധി സ്റ്റാലിൻ ഡിഎംകെ യുവജനസംഘടനയുടെ ആധ്യക്ഷം വഹിക്കുന്നത് പോലെത്തന്നെ. 

രക്ഷപ്പെടാനുള്ള അളഗിരിയുടെ അവസാന വഴിയാണിത്. സ്റ്റാലിനുമായുള്ള അളഗിരിയുടെ അധികാരത്തർക്കം കരുണാനിധി ജീവിച്ചിരിക്കെത്തന്നെ രൂക്ഷമായിരുന്നു ഡിഎംകെയിൽ. ഒരു ഘട്ടത്തിൽ സ്റ്റാലിന്‍റെയും അളഗിരിയുടെയും അനുയായികൾ തെരുവിൽ തമ്മിൽത്തല്ലുകയും സംഘർഷത്തിൽ ചിലർ കൊല്ലപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ വരെയെത്തി. ഒടുവിൽ സ്റ്റാലിനെ വിശ്വസിച്ച് അധികാരമേൽപ്പിക്കാൻ കരുണാനിധി തീരുമാനിച്ചതോടെ അളഗിരി ചെന്നൈയിൽ നിന്ന് മാറി മധുരയിലേക്ക് പോയി. 

തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയൊരു സാന്നിധ്യമല്ല അളഗിരിയെങ്കിലും, കരുണാനിധിയുടെ രാഷ്ട്രീയപിൻഗാമികളിലൊരാൾ ബിജെപിയിലെത്തുകയെന്നത് തന്നെ സുപ്രധാനമായ ഒരു വഴിത്തിരിവാണ് തമിഴക രാഷ്ട്രീയത്തിൽ.

2018-ലാണ് ഏറ്റവുമൊടുവിൽ അളഗിരി പൊതുവേദിയിലെത്തിയത്. 2018 സെപ്റ്റംബറിൽ ചെന്നൈയിൽ കരുണാനിധിയുടെ മരണശേഷം നടത്തിയ ഒരു റാലിയിൽ പ്രത്യക്ഷപ്പെട്ട അളഗിരി പിന്നീട് സജീവരാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. 2014-ലാണ് കരുണാനിധി നേരിട്ട് തന്നെ, പാർട്ടി വിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ അളഗിരിയെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്.

Follow Us:
Download App:
  • android
  • ios