ദില്ലി:  മദ്യലഹരിയില്‍ വിമാനത്തിന്‍റെ കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിനെ എയര്‍ ഇന്ത്യ മൂന്നുമാസത്തേക്ക്  സസ്പെന്‍ഡ് ചെയ്തു. ദില്ലിയില്‍ നിന്നും ബെഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ അധികജീവനക്കാരനായി കയറിക്കൂടിയത്.

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ചയാണ് പൈലറ്റിനെ മദ്യലഹരിയില്‍ വിമാനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയത്. വിമാനത്തില്‍ സീറ്റ് ഒഴിവില്ലാത്തതിനാല്‍ അധികജീവനക്കാരനായി യാത്ര ചെയ്യാന്‍ ഇയാള്‍ വിമാന ജീവനക്കാരുടെ അനുവാദം തേടുകയായിരുന്നു. കോക്പിറ്റില്‍ യാത്ര ചെയ്യണമെന്നായിരുന്നു ഇയാളുടെ ആവശ്യം.

എന്നാല്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് പൈലറ്റ് മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായത്. തുടര്‍ന്ന് യാത്ര നിഷേധിക്കുകയും ഇയാളെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. വിമാനജീവനക്കാരനായ ഇയാള്‍ മദ്യപിച്ച് യാത്ര ചെയ്തതിനാണ് മൂന്നുമാസത്തേക്ക് വിമാനം പറത്തുന്നതില്‍ നിന്നും വിലക്കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 

മദ്യപിച്ച് വിമാനം പറത്താന്‍ ശ്രമിക്കുന്ന പൈലറ്റുമാരെ മൂന്നുമാസത്തേക്ക് ജോലിയില്‍ നിന്ന് വിലക്കണമെന്നതാണ് നിയമം. രണ്ടാമതും തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ വിലക്ക് മൂന്ന് വര്‍ഷത്തേക്ക് നീളും. മൂന്നാം തവണയും തെറ്റ് ചെയ്താല്‍ ഫ്ലൈയിങ് ലൈസന്‍സും റദ്ദാക്കും.