ചെന്നൈ: രാജ്യാന്തര വിപണിയില്‍ 15 ലക്ഷം രൂപയെങ്കിലും വിലവരുന്ന ആമയെ മഹാബലിപുരത്തെ മുതല പാര്‍ക്കില്‍ നിന്നും കാണാതായി. അല്‍ഡാബ്ര ഇനത്തില്‍ പെടുന്ന ആമയെയാണ് 'മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ട്രന്‍റ് സെന്‍റര്‍ ഫോര്‍ ഹെര്‍പ്പറ്റോളജിയില്‍' നിന്നും കാണാതായത്. 

ഗാലപ്പഗോസ് ആമകള്‍ കഴിഞ്ഞാല്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള ആമവര്‍ഗമാണ് അല്‍ഡാബ്ര ആമകള്‍. ഈ വിഭാഗത്തില്‍പ്പെട്ട ആമയ്ക്ക് 150 കൊല്ലം വരെ ആയുസും 1.5 നീളവും, 200 കിലോ ഗ്രാം തൂക്കവും ഉണ്ട്.  ആമ മോഷ്ടിക്കപ്പെട്ടതാകാം എന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. 

മോഷ്ടിക്കപ്പെട്ട ആമയ്ക്ക് 50 വയസ് പ്രായവും, 60 കിലോ തൂക്കവും ഉണ്ട് എന്നാണ് പാര്‍ക്ക് അധികൃതര്‍ പറയുന്നത്. സാധാരണ ഈ ആമകളുടെ ശരീരഭാഗങ്ങള്‍ മരുന്നിനായി ഉപയോഗിക്കാറുണ്ട്. ഇതിനായിരിക്കാം മോഷണം എന്നാണ് സൂചന. നവംബര്‍ 11 നും 12നും ഇടയിലാണ് ആമയെ കാണാതായത് എന്നാല്‍ ഇത് പാര്‍ക്ക് അധികൃതര്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

എന്നാല്‍ പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകള്‍ വന്നതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. അന്വേഷണത്തിന് തമിഴ്നാട് പൊലീസ് പ്രത്യക അന്വഷണ സംഘത്തെ നിയോഗിച്ചു. പാര്‍ക്ക് ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. സുരക്ഷ ക്യാമറകളിലെ ദൃശ്യങ്ങളും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.