മുസ്ലിംകള്‍ പ്രദേശത്ത്നിന്ന് പലായനം ചെയ്യുന്നുവെന്ന വാര്‍ത്ത പൊലീസ് നിഷേധിച്ചു. ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് കുറച്ച് പേര്‍ ഒഴിഞ്ഞുപോയിട്ടുണ്ട്. അവരെ വൈകാതെ തിരിച്ചെത്തിക്കുമെന്നും പൊലീസ് അറിയിച്ചു.

അലിഗഢ്: രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് അലിഗഢ് തപ്പലില്‍ സംഘര്‍ഷാവസ്ഥ. പ്രദേശത്തെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും കൂടുതല്‍ സുരക്ഷ സേനയെ നിയോഗിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തീവ്ര വലതുസംഘടനകള്‍ നടത്താനുദ്ദേശിച്ച 'മഹാപഞ്ചായത്ത്' പൊലീസ് തടഞ്ഞു. പെണ്‍കുട്ടി കൊല്ലപ്പെട്ട തപ്പല്‍ പ്രദേശത്ത്നിന്ന് ഒരുവിഭാഗം പലായനം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അതേസമയം, പ്രദേശത്ത്നിന്ന് പലായനം ചെയ്യുന്നില്ലെന്നും ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് കുറച്ച് പേര്‍ ഒഴിഞ്ഞുപോയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അവരെ വൈകാതെ തിരിച്ചെത്തിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ നടപടിയില്‍ വീഴ്ച വരുത്തിയതിന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പങ്കജ് ശ്രീവാസ്തവയെ സ്ഥലം മാറ്റിയതായും പൊലീസ് അധികൃതര്‍ അറിയിച്ചു. തപ്പല്‍ മേഖലയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. മതസൗഹാര്‍ദം തകര്‍ക്കുന്ന എന്തെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കൊലപാതകം ചിലര്‍ വര്‍ഗീയ ലഹളയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും തെറ്റായ വീഡിയോകളും ശബ്ദസന്ദേശങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. 

പ്രതികള്‍ക്ക് ഉടന്‍ ശിക്ഷ നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍, പ്രതികളെ അറസ്റ്റ് ചെയ്തെന്നും കേസ് പരിഹരിച്ചെന്നും അലിഗഢ് എസ്എസ്പി ആകാശ് കുല്‍ഹരി പറഞ്ഞു. സമീപ ജില്ലകളില്‍നിന്ന് ആളുകളെയെത്തിച്ച് തപ്പലില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനുള്ള നീക്കമാണ് പൊലീസ് തടഞ്ഞത്. സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്നും പൊലീസ് അറിയിച്ചു. 
നേരത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍നിന്ന് ബിജെപിയുടെ വിവാദ നേതാവ് സ്വാധി പ്രാചിയെ പൊലീസ് തടഞ്ഞു. യമുന എക്സ്പ്രസ് ഹൈവേയില്‍വച്ചാണ് പ്രാചിയെ തടഞ്ഞത്. ഇവര്‍ ഏറെനേരം തര്‍ക്കിച്ചെങ്കിലും പൊലീസ് കടത്തിവിട്ടില്ല. 

മാതാപിതാക്കള്‍ കടംവാങ്ങിയ 10000 രൂപ തിരികെ ലഭിക്കാത്തതിന്‍റെ ദേഷ്യത്തില്‍ മകളായ രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.