ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റ വൻ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ട് കോൺഗ്രസ്. പാർട്ടിയിൽ ശുദ്ധികലശം ഉണ്ടായേ തീരൂവെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർബന്ധപ്രകാരമാണ് പുതിയ നീക്കമെന്നാണ് സൂചന. കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് ഈ നിർദേശം നൽകിയത്. നേതൃത്വമില്ലാത്ത പശ്ചാത്തലത്തിൽ പാർട്ടി നേരിടുന്ന കടുത്ത പ്രതിസന്ധി ചർച്ച ചെയ്യാൻ അടുത്തയാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി ചേർന്നേക്കും. 

11 നിയമസഭാ സീറ്റുകളിലേക്ക് ഉത്തർപ്രദേശിൽ ഉപതെരഞ്ഞെടുപ്പുകൾ നടക്കാൻ പോവുകയാണ്. കിഴക്കൻ, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകൾ. എംഎൽഎമാർ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് ജയിച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകൾ നടക്കുക. ഈ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ടംഗങ്ങൾ വീതമുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഏതൊക്കെ തലങ്ങളിലാണ് വീഴ്ചയുണ്ടായത് എന്ന് വിശദമായി വിലയിരുത്താനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. അജയ് കുമാർ ലല്ലുവിനെയാണ് യുപിയിൽ പാർട്ടി പുനഃസംഘടനയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പാർട്ടിയുടെ നിയമസഭാ കക്ഷിനേതാവാണ് അജയ് കുമാർ ലല്ലു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുരുതരമായ അച്ചടക്കലംഘനമുണ്ടായെന്ന എല്ലാ പരാതികളും പരിഗണിക്കാൻ ഒരു മൂന്നംഗസമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 

യുവാക്കളെ ഉൾപ്പെടുത്തി പുതിയ സമിതികൾ രൂപീകരിക്കണമെന്ന പദ്ധതിയാണ് പ്രിയങ്കാ ഗാന്ധി മുന്നോട്ടു വയ്ക്കുന്നത്. പുതിയ ജില്ലാ സമിതികളിൽ 50 ശതമാനം പേരും 40 വയസ്സിൽ താഴെയുള്ളവരായിരിക്കണമെന്നാണ് പ്രിയങ്ക നൽകിയ ഒരു നിർദേശം. 33 ശതമാനം വനിതാ സംവരണവും ഉറപ്പാക്കണമെന്നും പ്രിയങ്ക നിർദേശം നൽകിയിട്ടുണ്ട്. 

അധ്യക്ഷപദവിയിൽ തുടരുമ്പോഴും കോൺഗ്രസിന്‍റെ നയപരമായ തീരുമാനങ്ങളിൽ നിന്നും ഭരണപരമായ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ് രാഹുൽ ഗാന്ധി. ഇത് കോൺഗ്രസിൽ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ചെറുതല്ല. പാർട്ടിയിൽ ആരും ഇത് തുറന്ന് പറയുന്നില്ലെങ്കിലും കോൺഗ്രസ് നേതാക്കൾക്കിടയിൽ ഈ ആശയക്കുഴപ്പത്തിൽ കടുത്ത അതൃപ്തിയുണ്ട്. മാധ്യമപ്രവർത്തകരോടും മറ്റും അടക്കം പറച്ചിലുകളായും മറ്റും ഈ നിലപാട് നേതാക്കളിൽ പലരും തുറന്നു പറയുന്നുണ്ട്. 

ഹരിയാന, മഹാരാഷ്ട്ര, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഇനി അധികം ദിവസങ്ങളില്ല. പതിനേഴാം ലോക്സഭാ സമ്മേളനത്തിൽ പല വിഷയങ്ങളിലും എന്തു തീരുമാനമെടുക്കണമെന്ന് ഇതുവരെ നേതാക്കൾക്ക് ധാരണയില്ല. ഇതിനിടെ ചില സംഘടനാപരമായ അറിയിപ്പുകളിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിലെയെങ്കിലും ചരിത്രം തിരുത്തിക്കൊണ്ട് ആദ്യമായി ഒരു അധ്യക്ഷൻ ഒപ്പു വയ്ക്കാത്ത സ്ഥിതിയുമുണ്ടായി. 

എന്തുകൊണ്ടാണ് രാഹുൽ ഇങ്ങനെ ചുമതലകളിൽ നിന്ന് ഒളിച്ചോടുന്നതെന്നാണ് കോൺഗ്രസ് നേതാക്കളിൽ പലരും ചോദിക്കുന്നത്. സമാനമായ തോൽവികളെ മുമ്പും കോൺഗ്രസ് നേരിട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഇതിലും വലിയ വെല്ലുവിളികൾ നേരിട്ടവരാണ്. അവരെല്ലാം തോൽവിയിൽ നിന്ന് പാഠം പഠിച്ച്, തിരികെ പോരാടി രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നവരാണ്. കോൺഗ്രസിൽ രാജീവ് ഗാന്ധിയുടെ മരണശേഷം വർഷങ്ങളായി അപ്രസക്തയായിരുന്ന സോണിയാഗാന്ധിയും സമാനമായ രീതിയിലാണ് പാർട്ടിയിൽ സ്ഥാനമുറപ്പിച്ചതും അധികാരം കൈയാളിയതും. അതേ രീതിയിൽ എന്തുകൊണ്ട് രാഹുൽ അധികാരം നേടാൻ ശ്രമിക്കുന്നില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം.

നിലവിലെ സ്ഥിതിയിൽ കോൺഗ്രസിൽ നിന്ന് രാഹുലിന്‍റെ നേതൃത്വത്തിനെതിരെ വലിയ കലാപം ഉയരില്ലെന്ന് ഉറപ്പാണ്. അത്തരമൊരു കലാപസാധ്യത ഒരു സംസ്ഥാനങ്ങളിലെ ഘടകങ്ങളിലുമില്ല. ഈ സാഹചര്യത്തിലും സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ ഗാന്ധി എന്നതാണ് രാഷ്ട്രീയ നിരീക്ഷകരെ അദ്ഭുതപ്പെടുത്തുന്നത്. 

ഇനിയെന്ത് എന്ന് തീരുമാനിക്കാനാണ് അടുത്തയാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി ചേരുന്നത്. ഇതിൽ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും. ഉത്തർപ്രദേശിൽ ഒരു അഴിച്ചു പണിക്ക് പാർട്ടി തയ്യാറായ സ്ഥിതിക്ക് സമാനമായ ഉടച്ചു വാർക്കൽ പാർട്ടിയുടെ എല്ലാ തലത്തിലും ഉണ്ടാകാനാണ് സാധ്യത.