കോടതിയിൽ ഇതിനെ എതിര്‍ത്ത യുപി സര്‍ക്കാര്‍, സ്വവര്‍ഗ വിവാഹം ഇന്ത്യൻ സംസ്കാരത്തിനും ഇന്ത്യയിലെ മതങ്ങൾക്കും എതിരാണെന്നും വാദിച്ചു...
ലക്നൗ: സ്വവര്‍ഗ വിവാഹം (Same Sex Marriage) നിയമം മൂലം അംഗീകരിക്കണമെന്ന യുവതികളുടെ ആവശ്യം തള്ളി അലഹബാദ് ഹൈക്കടോതി (Allahabad High Court). 21 ഉം 23 ഉം വയസ്സുള്ള യുവതികളാണ് വിവാഹം അംഗീകരിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമം (Hindu Marriage Act) ലംഘിച്ചിട്ടില്ലെന്നും അതിനാൽ വിവാഹം അംഗീകരിക്കപ്പെടണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
എന്നാൽ കോടതിയിൽ ഇതിനെ എതിര്‍ത്ത യുപി സര്‍ക്കാര്‍, സ്വവര്‍ഗ വിവാഹം ഇന്ത്യൻ സംസ്കാരത്തിനും ഇന്ത്യയിലെ മതങ്ങൾക്കും എതിരാണെന്നും വാദിച്ചു. അതിനാൽ വിവാഹം അസാധുവാണെന്നും കോടതിയിൽ പറഞ്ഞു. തന്റെ മകളെ മറ്റൊരു യുവതി തടഞ്ഞുവച്ചുവെന്ന് ആരോപിച്ച് സ്ത്രീ നൽകിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
രണ്ട് യുവതികളോടും ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. തങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും അംഗീകരിക്കണമെന്നും ഇവര്‍ കോടതിയിൽ വാദിച്ചു. എന്നാൽ ജസ്റ്റിസ് ശേഖര്‍ കുമാര്‍ അധ്യക്ഷനായ ബഞ്ച് ഈ ആവശ്യം തള്ളി.
