പശുമാംസം വിതരണം ചെയ്തെന്ന് ആരോപിച്ച് അറസ്റ്റിലായ ജാവേദ് എന്നയാൾക്ക്  ജാമ്യം നിഷേധിച്ച് കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

അലഹബാദ്: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിക്കുകയെന്നത് ഹിന്ദുക്കളുടെ മൗലിക അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. പശുമാംസം വിതരണം ചെയ്തെന്ന് ആരോപിച്ച് അറസ്റ്റിലായ ജാവേദ് എന്നയാൾക്ക് ജാമ്യം നിഷേധിച്ച് കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

ജസ്റ്റിസ് ശേഖർ യാദവ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ബീഫ് കഴിക്കുന്നവർക്ക് മാത്രമല്ല പശുവിനെ ആരാധിക്കുന്നവർക്കും മൗലിക അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജീവിക്കാനുള്ള അവകാശത്തെക്കാൾ വലുതായി ബീഫ് കഴിക്കാനുള്ള അവകാശത്തെ കണക്കാക്കാനാകില്ല എന്നും കോടതി പറഞ്ഞു.

അമ്മയെ പോലെ കാണുന്ന പശുവിനെ പ്രായമായാലും രോഗം ബാധിച്ചാലും കൊല്ലുന്നത് അവകാശമായി കാണാനാകില്ല. പശുക്കളെ ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമായി കണ്ട മുസ്ളീം ഭരണാധികാരികൾ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും സംസ്കാരത്തിനും വിശ്വാസങ്ങൾക്കും ഉണ്ടാകുന്ന ആഘാതം രാജ്യത്തെ തളർത്തുമെന്നും അലഹാബാദ് ഹൈക്കോടതി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.