ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻധനമന്ത്രി പി ചിദംബരത്തെ ഇന്നും സിബിഐ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഇന്നലെ നിരസിച്ച ദില്ലി സിബിഐ പ്രത്യേക കോടതി, കേസിൽ മുൻ ധനമന്ത്രിക്കെതിരായി ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്ന് നിരീക്ഷിച്ചിരുന്നു. ഐഎൻക്സ് മീഡിയ വിദേശഫണ്ട് സ്വീകരിച്ചതിന് വഴി വിട്ട് സഹായം ചെയ്തുകൊടുത്തെന്ന കേസിൽ കമ്പനിയുടെ മുൻ എംഡിയായിരുന്ന ഇന്ദ്രാണി മുഖർജിയും പീറ്റർ മുഖർജിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളാണ് ചിദംബരത്തിൽ നിന്ന് തേടുകയെന്നാണ് സൂചന. 

ഇതിനിടെ, ചിദംബരം ധനമന്ത്രിയായിരുന്ന കാലത്തെ വിദേശ നിക്ഷേപ അനുമതി കിട്ടിയ കമ്പനികളുടെ  വിവരം സിബിഐ ശേഖരിച്ചു തുടങ്ങി. 2004 മുതലുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. മറ്റ് കമ്പനികളിൽ നിന്നും പ്രതിഫലം കൈപ്പറ്റിയിരുന്നോയെന്നാണ് അന്വേഷിക്കുന്നത്.

ഇതേ കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള പി.ചിദംബരത്തിന്‍റെ ഹർജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. എന്നാൽ ചിദംബരത്തെ സിബിഐ ബുധനാഴ്ച അറസ്റ്റ് ചെയ്തതോടെ ഹ‍ർജിക്ക് പ്രസക്തി ഇല്ലാതായി. നിലവിലെ സാഹചര്യത്തിൽ ഹർജി പിൻവലിക്കുകയോ ആവശ്യം ഭേദഗതി ചെയ്യുകയോ വേണം. പക്ഷേ, എൻഫോഴ്‍സ്മെന്‍റും തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ടുള്ള മുൻകൂർ ജാമ്യ ഹർജി നിലനിൽക്കും. ജസ്റ്റിസുമാരായ ആർ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക.

ഗുരുതരമായ ആരോപണങ്ങൾ ചിദംബരത്തിനെതിരെ നിലനിൽക്കുന്നതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് ഇന്നലെ സിബിഐ പ്രത്യേക കോടതി നിരീക്ഷിച്ചത്. ദിവസവും ചിദംബരത്തെ മുപ്പത് മിനിറ്റ് കുടുംബാംഗങ്ങൾക്ക് വന്ന് കാണാമെന്ന് കോടതി വ്യക്തമാക്കി. ഓഗസ്റ്റ് 26 വരെ ചിദംബരം കസ്റ്റഡിയിൽ തുടരും. ഈ കാലയളവിൽ കൃത്യമായ വൈദ്യസഹായം ചിദംബരത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. 

നടന്നത് കടുത്ത വാദപ്രതിവാദങ്ങൾ, എന്നിട്ടും തിരിച്ചടി

ചിദംബരത്തിന് വേണ്ടി ഹാജരായ കപിൽ സിബലും മനു അഭിഷേക് സിംഗ്‍വിയും ഒരു വശത്ത്. സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുവശത്ത്. വിശദമായ വാദപ്രതിവാദങ്ങളാണ്  ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതിയിൽ നടന്നത്. ഒരിടയ്ക്ക് സ്വന്തമായി ചില കാര്യങ്ങൾ പറയാനുണ്ടെന്ന് മുൻ ധനമന്ത്രി പി ചിദംബരം കോടതിയിൽ പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്‍റെ എതിര്‍പ്പ് വകവയ്ക്കാതെ കോടതി സ്വന്തം വാദം ഉന്നയിക്കാൻ ചിദംബരത്തിന് അവസരവും നൽകി.

ജാമ്യമില്ലാ വാറണ്ട് ചിദംബരത്തിന് മേൽ ചുമത്തിയിരുന്നതാണെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നുവെന്നും എസ്‍ജി തുഷാർ മേത്ത കോടതിയിൽ വാദിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 

മിണ്ടാതിരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമായിരിക്കാം. പക്ഷേ കേസുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം ഒരിക്കലും ചിദംബരം നൽകിയില്ലെന്ന് കോടതിയിൽ സോളിസിറ്റർ ജനറൽ വാദിച്ചു. മറ്റ് പ്രതികളോടൊപ്പം ഇരുത്തി ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ്‍ജി വാദിച്ചു (ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരം ഇതേ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു).

ദില്ലി ഹൈക്കോടതിയിൽ ചിദംബരത്തിന് മുൻകൂർ ജാമ്യം നിഷേധിച്ചു കൊണ്ട് ജസ്റ്റിസ് ജെ. ഗൗർ നടത്തിയ വിധിപ്രസ്താവവും കോടതിയിൽ എസ്‍ജി പരാമർശിച്ചു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും മുൻകൂർ ജാമ്യം നൽകാനാകില്ലെന്നും കോടതി വിധിയിൽ പരാമർശിച്ചത് മേത്ത ചൂണ്ടിക്കാട്ടി.

കസ്റ്റഡിയിൽ ചിദംബരം തുടരേണ്ടതുണ്ടെന്നും എങ്കിലേ അന്വേഷണം ഫലപ്രദമാകൂ എന്നും സിബിഐയുടെ വാദം. കേസ് ഡയറിയും അന്വേഷണത്തിന്‍റെ നാൾവഴിയും കോടതിയ്ക്ക് മുമ്പാകെ സമർപ്പിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ കേസിലെ മറ്റ് വിവരങ്ങളും വ്യക്തമാകൂ എന്ന് എസ്‍ജി വാദിച്ചു. ഇന്ദ്രാണി മുഖർജിയുമായുള്ള ഇടപാടുകളെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്നും സിബിഐ വ്യക്തമാക്കി. ഇതിന് പിൻബലമായിട്ടാണ് കേസ് ഡയറിയടക്കമുള്ള രേഖകൾ സിബിഐ കോടതിയിൽ ഹാജരാക്കിയത്.

മാത്രമല്ല, ചോദ്യം ചെയ്യലിലുടനീളം മുൻ ധനമന്ത്രി സഹകരിച്ചില്ലെന്ന് സിബിഐ കോടതിയിൽ ചൂണ്ടിക്കാട്ടി. വലിയ രേഖകൾ അടക്കം പരിശോധിക്കാനുള്ള അഴിമതിക്കേസായതിനാൽ ഒരു ദിവസത്തെ കസ്റ്റഡി മതിയാകില്ലെന്നായിരുന്നു സിബിഐ വാദം. കൂട്ടു പ്രതികളോടൊപ്പം ചിദംബരത്തെ ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. ഓരോരോ രേഖകളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും സിബിഐ വാദിച്ചു.

എതിർത്ത് സിബൽ, ഇന്ദ്രാണിയെ വിശ്വസിക്കാനാവില്ലെന്ന് സിംഗ്‍വി

കേസിലെ മറ്റ് കക്ഷികൾക്ക് ജാമ്യം അനുവദിച്ചിട്ടിട്ടുണ്ടെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി.  ആ ജാമ്യമൊന്നും സിബിഐ  ചോദ്യം ചെയ്തിട്ടില്ല. കേസിൽ അന്വേഷണം പൂർത്തിയായതാണെന്നും കപിൽ സിബൽ പറഞ്ഞു. കരട് കുറ്റപത്രമായെങ്കിൽ പിന്നെ കസ്റ്റഡി എന്തിനെന്ന ചോദ്യമാണ് കപിൽ സിബൽ ഉന്നയിച്ചത്. വിദേശ നിക്ഷേപത്തിന് അനുമതി നൽകുന്നത് ചിദംബരം ഒറ്റക്കല്ല, ആറ് ഗവൺമെന്റ് സെക്രട്ടറിമാര്‍ വേറെയുണ്ട്. അവര്‍ ആര്‍ക്കെതിരെയും അറസ്റ്റെന്ന നടപടിയിലേക്ക് സിബിഐ കടന്നിട്ടില്ല.

ചോദിച്ച പന്ത്രണ്ട് ചോദ്യങ്ങളിൽ ആറെണ്ണം നേരത്തെ ചോദിച്ചതാണ്. ചോദ്യങ്ങളെ കുറിച്ചു പോലും സിബിഐക്ക് വ്യക്തതയില്ലെന്നും സിബൽ വാദിച്ചു. 

ഇന്ദ്രാണി മുഖർജി കേസിൽ മാപ്പു സാക്ഷിയായതിനെതിരെ അഭിഷേക് സിംഗ്‍വിയും വാദിച്ചു. ഇന്ദ്രാണി മുഖർജി കൊലക്കേസ് പ്രതിയാണ്. സ്വന്തം മകളെ വധിച്ച കേസിൽ പല തവണ മൊഴി മാറ്റിയ ഇന്ദ്രാണി മുഖർജിയുടെ മൊഴി ആരെങ്കിലും വിശ്വസിക്കുമോ എന്ന് കപിൽ സിബൽ ചോദിച്ചു. പണം ഐഎൻഎക്സ് മീഡിയയിൽ നിന്നോ ഇന്ദ്രാണി മുഖർജിയിൽ നിന്നോ വാങ്ങിയെന്നതിന് തെളിവെവിടെ? ആ പണം എവിടെ, എങ്ങനെ, ആരുടെ അക്കൗണ്ട് വഴി, എപ്പോൾ, ആരുടെ അക്കൗണ്ടിലിട്ടു? ആ തെളിവുകൾ സിബിഐ പറയാത്തതെന്ത്? - സിബൽ ചോദിച്ചു.

കേസിൽ കരട് കുറ്റപത്രം തയ്യാറാക്കിയെങ്കിൽ ഇപ്പോഴെന്തിനാണ് കസ്റ്റഡി? എന്തിനാണ് ചോദ്യം ചെയ്യുന്നത്? എന്ത് വിവരങ്ങളാണ് സിബിഐയ്ക്ക് വേണ്ടത്? അന്വേഷണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും സഹകരിച്ചിരുന്നയാളായിരുന്നു ചിദംബരം. അതുകൊണ്ട്, ഇപ്പോഴുള്ള ഈ അറസ്റ്റ് നാടകം തീർത്തും അപ്രസക്തമാണ് - സിബൽ വാദിച്ചു. 

ധനമന്ത്രിയെന്ന നിലയിൽ ചിദംബരമാണ് ഇതിന്‍റെ പിന്നിലെ പ്രധാനകണ്ണിയെന്ന ആരോപണത്തെയും സിബൽ എതിർത്തു. ഫോറിൻ ഇൻവെസ്റ്റ്മെന്‍റ് ബോർഡിൽ ആറ് ഡയറക്ടർമാരാണുണ്ടായിരുന്നത്. അവരെല്ലാവരും ചേർന്ന്  ചർച്ച ചെയ്താണ് ഈ തീരുമാനം ധനമന്ത്രിക്ക് ശുപാർശ ചെയ്തത്. അതിൽ ഒപ്പുവയ്ക്കുക മാത്രമാണ് ചിദംബരം ചെയ്തത്. അതിൽ ഒരു തരത്തിലുമുള്ള അഴിമതിയുമുണ്ടായിരുന്നില്ല. എന്ത് അന്വേഷണത്തോടും സഹകരിക്കാൻ ചിദംബരം തയ്യാറാണ് - സിബൽ വാദിച്ചു.