ദില്ലി: ബാബ്‍രി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന് പകരം അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യമായതും സുപ്രധാനവുമായ ഭാ​ഗത്ത് ഭൂമിയെന്നുള്ള വിധി അംഗീകരിക്കാനാവില്ലെന്ന് കേസില്‍ ഉള്‍പ്പെട്ട മുസ്ലീം സംഘടനയായ ജമാഅത്തെ ഉലമാ എ ഹിന്ദ്. വ്യാഴാഴ്ച ദില്ലയില്‍ ചേര്‍ന്ന ജമാഅത്തെ ഉലമാ എ ഹിന്ദിന്‍റെ വര്‍ക്കിംഗ് കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

മസ്ജിദിന് പകരം എന്ത് തന്നെയായാലും അംഗീകരിക്കാനാവില്ലെന്നാണ് ജമാഅത്തെ ഉലമാ എ ഹിന്ദിന്‍റെ നിലപാട്. സുപ്രീംകോടതിയില്‍ ഒരു പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിന്‍റെ സാധ്യതയും സംഘടന തള്ളി കളഞ്ഞിട്ടില്ല. വിഷയത്തില്‍ വിദഗ്ധ നിയമോപദേശം തേടാനാണ് അര്‍ഷാദ് മദനിയുടെ നേൃത്വത്തിലുള്ള ജമാഅത്തെ ഉലമാ എ ഹിന്ദിന്‍റെ അഞ്ചംഗ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

രണ്ട് സുപ്രധാന തീരുമാനങ്ങളാണ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ എടുത്തിരിക്കുന്നതെന്ന് ജെയുഎച്ച് യുപി അധ്യക്ഷന്‍ മൗലാന അഷാദ് റാഷിദി പറഞ്ഞു. പകരം അഞ്ചേക്കര്‍ എന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ഒപ്പം റിവ്യൂ ഹര്‍ജി നല്‍കാനുള്ള സാധ്യതകളും തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ 100 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന മുസ്ലീം സംഘടനയാണ് ജമാഅത്തെ ഉലമാ എ ഹിന്ദ്.

ഖിലാഫത്ത് പ്രസ്ഥാനത്തിലും സ്വാതന്ത്ര്യ സമരത്തിലുമെല്ലാം പങ്കെടുക്കുകയും ഇന്ത്യയും പാക്കിസ്ഥാനുമായുള്ള വിഭജനത്തെ എതിര്‍ക്കുകയും ജമാഅത്തെ ഉലമാ എ ഹിന്ദ് ചെയ്തിരുന്നു. സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്‍റെ വിധി പ്രകാരം തർക്കഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിനാണ്.

ക്ഷേത്ര നിർമ്മാണത്തിനും നടത്തിപ്പിനുമായി ഈ ഭൂമി ട്രസ്റ്റിന് കൈമാറുമ്പോൾ മുസ്ലീങ്ങൾക്ക് അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യമായതും സുപ്രധാനവുമായ ഭാ​ഗത്ത് ഭൂമി ലഭിക്കും. ഈ നടപടികളുടെ മേൽനോട്ടം കേന്ദ്രസർക്കാരോ യുപി സർക്കാരോ വഹിക്കണം. നേരത്തെ, സുപ്രീം കോടതി നിര്‍ദേശിച്ച അഞ്ച് ഏക്കര്‍ ഭൂമി ബാബ്‍രി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന 67 ഏക്കറില്‍ തന്നെ അനുവദിക്കണമെന്ന് ഇഖ്ബാല്‍ അന്‍സാരിയടക്കമുള്ള മുസ്ലീം നേതാക്കള്‍ ആവശ്യപ്പെട്ടു.

ബാബ‍്‍രി മസ്ജിദ് പൊളിച്ചതിന് ശേഷം വിവാദമായ 67 ഏക്കര്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ ഭൂമി അനുവദിക്കണം. ഭൂമി നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞങ്ങളുടെ സൗകര്യം പരിഗണിക്കണം. 67 ഏക്കറിനുള്ളില്‍ ഭൂമി വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അങ്ങനെയെങ്കില്‍ മാത്രമേ ഭൂമി സ്വീകരിക്കൂ. അല്ലെങ്കില്‍ ഭൂമി നിരസിക്കേണ്ടി വരും. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് പള്ളി നിര്‍മിച്ചോളൂ എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.