കുറ്റക്കാരെ അറസ്റ്റു ചെയ്യുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നു എന്നാക്ഷേപിച്ച് തെരുവിലേക്കിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. 

അൽവാർ : രാജസ്ഥാനിലെ അൽവാറിൽ(Alwar) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അതിക്രൂരമായി കൂട്ടബലാത്സംഗം(gang rape) ചെയ്തതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി ബിജെപി(BJP). ഈ സംഭവത്തെ ആയുധമാക്കി സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ബിജെപി. കുറ്റക്കാരെ അറസ്റ്റു ചെയ്യുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നു എന്നാക്ഷേപിച്ച് തെരുവിലേക്കിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. 

കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് ക്രമസമാധാന നില പരിപാലിക്കുന്നതിൽ തികഞ്ഞ പരാജയമാണ് എന്ന് ബിജെപിയുടെ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ നരേന്ദ്ര സിംഗ് തോമർ ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ തുടർക്കഥയാവുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഗെലോട്ട് സർക്കാർ സംസ്ഥാനഖജനാവ് കട്ടുമുടിക്കുന്ന തിരക്കിൽ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് മറന്നുപോവുന്നതാണ് ഇതിനു കാരണമെന്നും അദ്ദേഹം ആക്ഷേപിച്ചു. 

മറ്റൊരു കേന്ദ്രമന്ത്രിയായ ഗജേന്ദ്ര സിംഗ് ശെഖാവത്തും ഈ വിഷയം എടുത്തിട്ട് ഗെലോട്ട് സർക്കാരിനെ അപലപിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് ഭരണത്തിന് കീഴിൽ പെൺകുട്ടികൾ സുരക്ഷിതരല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സോഷ്യൽ മീഡിയയിലും ഈ കേസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ശക്തമാണ്.