കഴിഞ്ഞ 49 വർഷമായി റിപ്പബ്ലിക് ദിന പരേഡിൽ കമന്റേറ്റർ കൂടിയാണ് അദ്ദേഹം. 

ഇന്ത്യ ഗേറ്റ് ഉണ്ടാക്കിയത് ബ്രിട്ടീഷുകാരാണ് എന്നും നാഷണൽ വാർ മെമ്മോറിയൽ ആണ് നമ്മുടെ വീര രക്തസാക്ഷികൾക്കുള്ള ഉചിതമായ സ്മരണാഞ്ജലി എന്നും പ്രതികരിച്ച് ബ്രിഗേഡിയർ ചിത്തരഞ്ജൻ സാവന്ത്. കഴിഞ്ഞ 49 വർഷമായി റിപ്പബ്ലിക് ദിന പരേഡിൽ കമന്റേറ്റർ കൂടിയാണ് അദ്ദേഹം. ബ്രിട്ടീഷുകാർ അവരുടെ ഭടന്മാരുടെ സ്മരണയ്ക്ക് പണിത ഇന്ത്യ ഗേറ്റിനേക്കാൾ എന്തുകൊണ്ടും അമർ ജവാൻ ജ്യോതി കത്താൻ പറ്റിയ ഇടം നാഷണൽ വാർ മെമ്മോറിയൽ തന്നെയാണ് എന്നും അദ്ദേഹം ട്വിറ്റർ വഴി പുറത്തുവിട്ട വിഡിയോയിൽ പ്രസ്താവിച്ചു. 

Scroll to load tweet…

വിവാദങ്ങളുണ്ടാക്കുന്നവർ ആ വിഷയത്തെ നോക്കിക്കാണുന്ന രീതിയാണ് പ്രശ്നം എന്നാണ് ഇക്കാര്യത്തിലെ കേന്ദ്രത്തിന്റെ വിശദീകരണം. ഈ വിഷയത്തിൽ തെറ്റിദ്ധാരണാജനകമായ നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. "അമർ ജവാൻ ജ്യോതി കെടുത്തുന്നു" എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണ്. അമർ ജവാൻ ജ്യോതി കെടുത്തുകയല്ല, അതിനെ നാഷണൽ വാർ മെമ്മോറിയലിലെ ദീപത്തിൽ വിലയം ചെയ്യിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് വിശദീകരണം.

'ദീപങ്ങൾ പരസ്പരം വിലയം ചെയ്യിക്കുക' എന്ന സങ്കല്പത്തെ കൂടുതൽ വിശദീകരിച്ചുകൊണ്ട് പ്രസ്തുത വിഷയത്തിൽ കൂടുതൽ പരാമർശങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വരികയുണ്ടായി. അമർ ജവാൻ ജ്യോതി 1971 ലെയും മറ്റു യുദ്ധങ്ങളിലെയും വീരരക്തസാക്ഷികളെ സ്മരിച്ചുകൊണ്ടുള്ളതാണ്, എന്നാൽ അവരിൽ ഒരാളുടെ പോലും പേര് അവിടെ ആലേഖനം ചെയ്യപ്പെട്ടിട്ടില്ല. മാത്രവുമല്ല, ഇന്ത്യ ഗേറ്റ് എന്നത് നമ്മുടെ കൊളോണിയൽ പാരമ്പര്യത്തിന്റെ സൂചകമാണ്. അതിൽ ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനുവേണ്ടി പോരാടി മരിച്ചവരുടെയും, ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിൽ ജീവത്യാഗം ചെയ്തവരുടെയും പേരുകൾ മാത്രമേയുള്ളൂ. അതേസമയം, 1971 ഉൾപ്പെടെ ഇന്ത്യ ഇന്നോളം പോരാടിയ എല്ലാ യുദ്ധങ്ങളിലെയും, എല്ലാ രക്തസാക്ഷികളുടെയും പേരുകൾ നാഷണൽ വാർ മെമ്മോറിയലിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ആ സ്ഥലത്ത് ഒരു സ്മരണാദീപം കെടാതെ കാക്കുന്നതാണ് എന്തുകൊണ്ടും ഉചിതം എന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത് എന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. 

"കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലമായി ഒരു നാഷണൽ വാർ മെമ്മോറിയൽ നിർമിക്കാൻ സാധിച്ചിട്ടില്ലാത്ത കൂട്ടരാണ് ഇപ്പോൾ അമർ ജവാൻ ജ്യോതി കെടുന്നതിനെപ്പറ്റി അലമുറയിട്ടുകൊണ്ടിരിക്കുന്നത്" എന്നത് എത്ര പരിഹാസ്യമാണ് എന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബിജെപിക്ക് ഹിതകരമാണ് എന്ന് തോന്നുന്ന രീതിയിൽ നമ്മുടെ ചരിത്രത്തിൽ മായ്ക്കലുകളും കൂട്ടിച്ചേർക്കലുകളും നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന ശശിതരൂർ അടക്കമുള്ള സീനിയർ കോൺഗ്രസ് നേതാക്കളിൽ നിന്ന് ഉയർന്നുവന്ന ആക്ഷേപങ്ങൾ മാധ്യമങ്ങൾ ചർച്ചചെയ്യുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഈ വിശദീകരണം ഉണ്ടായിട്ടുള്ളത്.