അമൃത്സര്‍: രാജിവെച്ച മന്ത്രി  നവ്‍ജോത് സിംഗ് സിദ്ദു അച്ചടക്കം കാട്ടണമായിരുന്നെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. മന്ത്രിയെന്ന നിലയില്‍ സിദ്ദു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെന്ന് ആരോപിച്ച അമരീന്ദര്‍ സിംഗ് സിദ്ദുവിന്‍റെ രാജി സ്വീകരിക്കുന്നതായും വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാന വകുപ്പുകള്‍ നഷ്ടമായതില്‍ സിദ്ദു അസംതൃപ്തനായിരുന്നു.

പഞ്ചാബിലെ നഗരമേഖലയില്‍ വോട്ട് കുറഞ്ഞതിന്‍റെ കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തത് മൂലമാണെന്നായിരുന്നു  അമരീന്ദര്‍ സിംഗിന്‍റെ ആരോപണം. ഇതിന് പിന്നാലെ സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്‍റെ ചുമതലയില്‍ നിന്നും നീക്കി ഊര്‍ജ്ജ വകുപ്പിന്‍റെ ചുമതല നല്‍കുകയായിരുന്നു. എന്നാല്‍ വകുപ്പിൽ പ്രധാന ചുമതലകളൊന്നും നി‍ർവഹിക്കാൻ സിദ്ദു തയ്യാറായിരുന്നില്ല.

പാർട്ടിയ്‍ക്ക് തിരിച്ചടിയേറ്റതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്‍റെ തലയിൽ മാത്രം കെട്ടി വയ്ക്കുകയാണെന്ന് ആരോപിച്ച് സിദ്ദു തുടർച്ചയായി മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടു നിന്നു. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ പകരം അതേസമയത്ത് ഫേസ്‍ബുക്കിൽ ലൈവ് ചെയ്ത് സിദ്ദു പ്രതിഷേധമറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്‍റെ ചുമതലയില്‍ നിന്നും പുറത്താക്കിയത്.