കൊല്‍ക്കത്ത: ഓണ്‍ലൈന്‍ റീടെയില്‍ രംഗത്തെ ആഗോളഭീമന്മാരായ ആമസോണ്‍ ഇന്ത്യയില്‍ മദ്യവില്‍പ്പന രംഗത്തേക്കിറങ്ങുന്നു. പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താനുള്ള അനുമതി ആമസോണിന് ലഭിച്ചു. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കമ്പനിയെ കോര്‍പ്പറേഷന്‍ ക്ഷണിച്ചിട്ടുണ്ട്. അതേസമയം, അലിബാബയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്ക്കറ്റ് ഓണ്‍ലൈന്‍ ഗ്രോസറി വിതരണ സ്ഥാപനത്തിനും ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള അനുമതി ബംഗാള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, ഇതുവരെ ഈ വിഷയത്തില്‍ രണ്ട് കമ്പനികളും നിലപാട് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ, പശ്ചിമ ബംഗാളില്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി സ്വിഗ്ഗിയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, സിലിഗുരി എന്നിവിടങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചത്.

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ അനുമതിയോടെയാണ് പദ്ധതിയെന്നാണ് സ്വിഗ്ഗി അറിയിക്കുന്നത്. സംസ്ഥാനത്തെ മറ്റ് 24 നഗരങ്ങളില്‍ കൂടി മദ്യത്തിന്‍റെ ഹോം ഡെലിവറി ഉടന്‍ തന്നെ സ്വിഗ്ഗി ആരംഭിക്കുമെന്നാണ് അന്ന് കമ്പനി അറിയിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ ജാര്‍ഖണ്ഡിലും, ഒഡീഷയിലും ഓണ്‍ലൈന്‍ മദ്യവില്‍പ്പന സ്വിഗ്ഗി നടത്തിയിരുന്നു. ഇതിന് ശേഷമാണ് ബംഗാളില്‍ ഈ സേവനം ലഭ്യമാക്കിയത്.