ദില്ലി: പാര്‍ലമെന്റിന്റ് സംയുക്ത സമിതിക്ക് മുന്നില്‍ ഹാജരാകണമെന്ന ആവശ്യം നിരസിച്ച് ആമസോണ്‍. പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍- 2019 തുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകാൻ ആമസോൺ അടക്കമുള്ള കമ്പനിക്ക് നിർദേശം നൽകിയത്.

ഒക്ടോബര്‍ 28-നുള്ളിൽ സമിതിക്ക് മുന്നില്‍ ഹാജരാകാനായിരുന്നു ആമസോണിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ പ്രാപ്തരായ തങ്ങളുടെ വിദഗ്ധരെല്ലാം വിദേശത്താണെന്നായിരുന്നു യുഎസ് ബഹുരാഷ്ട്ര ഭീമനായ ആമസോണ്‍ നല്‍കിയ മറുപടി.

അതേസമയം, ഹാജരായില്ലെങ്കില്‍ മറ്റ് കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. കമ്പനിയുടെ തീരുമാനം  കടുത്ത നടപടികള്‍ വിളിച്ചുവരുത്തുന്നതാണെന്ന് സമിതി അധ്യക്ഷയും ബിജെപി എംപിയുമായ മീനാക്ഷി ലേഖി പറഞ്ഞു.  ആമസോണിനെതിരെ  നടപടി സ്വീകരിക്കണമെന്ന് സംയുക്ത പാര്‍ലമെന്ററി സമിതിയിലെ എല്ലാ അംഗങ്ങളും സർക്കാറിന് ശുപാർശ ചെയ്യുമെന്നും ലേഖി വ്യക്തമാക്കി.

ബില്ലിൻമേൽ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച വിഷയങ്ങളാണ് പരിശോധിക്കുന്നത്. ഫേസ്ബുക്ക്, ട്വീറ്റര്‍, ഗൂഗിൾ, പേടിഎം എന്നിവയോടും സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.