ദില്ലി: കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് കേന്ദ്രം സദാ സന്നദ്ധമെന്ന് അമിത് ഷാ. ഡിസംബർ മൂന്നിന് മുൻപ് വേണമെങ്കിലും ചർച്ചയാകാമെന്നും കർഷകരുടെ ആശങ്കകളും ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കാൻ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. കര്‍ഷകരുടെ  പ്രതിഷേധം അനുവദിച്ച സ്ഥലങ്ങളിൽ മാത്രമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. എന്നാല്‍ ബുറാഡിയിൽ  പൊലീസ് അനുവദിച്ച നിരംകാരി മൈതാനത്തേക്ക് പോകാതെ ദില്ലി അതിർത്തികളിൽ പ്രക്ഷോഭം കടുപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. 

പൊലീസിന്‍റെ സമവായ നീക്കം അംഗീകരിച്ച് ഒരു വിഭാഗം കർഷകർ വടക്കൻ ദില്ലിയിലെ ബുറാഡിയിലുള്ള മൈതാനത്തേക്ക് ഇന്നലെ രാത്രി പോയെങ്കിലും അത് അംഗീകരിക്കാതെ  ആയിരക്കണക്കിന് കർഷകർ ഇപ്പോഴും ദില്ലി അതിർത്തികളിൽ തുടരുകയാണ്. പാർലമെന്‍റ് പരിസരത്തെ ജന്തർമന്ദിറോ, രാംലീലാ മൈതാനമോ ആണ് ഇവരുടെ ലക്ഷ്യം. അത് അനുവദിക്കും വരെ അതിർത്തികളിൽ തന്നെ തുടരും. പ്രതിരോധിക്കാൻ പൊലീസും കനത്ത ജാഗ്രതയിലാണ്. രണ്ട് ദിവസത്തേക്കാണ് ദില്ലി ചലോ മാർച്ച് പ്രഖ്യാപിച്ചതെങ്കിലും ഇപ്പോഴത് അനിശ്ചിതകാല സമരമായി മാറുകയാണ്.