ദില്ലി: കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ചര്‍ച്ച ഡിസംബര്‍ മൂന്നിന് മുന്‍പ് നടന്നേക്കും. കർഷക സംഘടന നേതാക്കളുമായി  അമിത് ഷാ ഫോണിൽ സംസാരിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഉപാധികൾ തള്ളി കർഷകസമരം കൂടുതൽ ശക്തമാകുന്നതിന് ഇടയിലാണ് അമിത് ഷായുടെ അനുനയ നീക്കം. 

ബുറാഡിയിലെ നിരങ്കരി മൈതാനത്തേക്ക് മാറില്ലെന്ന് കർഷകർ അറിയിച്ചതിന് പിന്നാലെ കഴിഞ്ഞ രാത്രി അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമർ എന്നിവർ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ വീട്ടിൽ യോഗം ചേർന്നിരുന്നു. മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ ദില്ലി ചലോ മാർച്ച് കഴിഞ്ഞ ദിവസം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു.

ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ദില്ലി ചലോ പ്രക്ഷോഭത്തിൻ്റെ ഭാഗമായി എത്തിയിരിക്കുന്നത്.  ചില സംസ്ഥാനങ്ങളിലെ കർഷകർ ദില്ലിയിലെത്തുമെന്ന് സമര നേതാക്കൾ പ്രഖ്യാപിച്ചതോടെ ജന്തർ മന്തർ, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിൽ കൂടുതൽ കേന്ദ്രസേനയേയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.