ചെന്നൈ: കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും തമിഴ്നാട്ടിലേക്ക്. ജനുവരി 13-ന് അമിത് ഷാ ചെന്നൈയിൽ എത്തും. തുഗ്ലക് മാസിക സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് കേന്ദ്ര അഭ്യന്തരമന്ത്രി ചെന്നൈയിൽ എത്തുന്നത്. ഷായുടെ ചെന്നൈ സന്ദർശനത്തിനിടെ രജനീകാന്തുമായി ഒരു കൂടിക്കാഴ്ച ഉറപ്പാക്കാൻ ബിജെപി തമിഴ്നാട് ഘടകം നീക്കം തുടങ്ങിയിട്ടുണ്ട്. 

കൂടിക്കാഴ്ചയ്ക്ക് സമയം തേടി ബിജെപി നേതാക്കൾ രജനീകാന്തിൻ്റെ ഓഫീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ആത്മീയ രാഷ്ട്രീയം എന്ന ആശയത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള രജനിയുടെ നീക്കത്തെ തുടക്കം തൊട്ടേ ബിജെപി പ്രൊത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. 

പാർട്ടി പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുൻപുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയപ്രവേശനത്തിനുള്ള നീക്കം ഉപേക്ഷിച്ചതായി രജനി പ്രഖ്യാപിച്ചു. പിന്നാലെ രജനിക്കെതിരെ ആരാധകർ തന്നെ രംഗത്തു വരികയും അദ്ദേഹത്തിൻ്റെ കോലം കത്തിക്കുന്നതടക്കമുള്ള പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു. പോയസ് ഗാർഡനിലെ വസന്തിക്ക് മുന്നിൽ ആരാധകർ കുത്തിയിരിപ്പ് തുടരുന്നതിനിടെ രജനി  വിദേശത്തേക്ക് പോയിരുന്നു.