ഏറ്റവും കൂടുതൽ കാലം കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന റെക്കോർഡ് ഇനി അമിത് ഷായ്ക്ക് സ്വന്തം
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി പദത്തിൽ റെക്കോർഡിട്ട് അമിത് ഷാ. ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രി പദത്തിലിരുന്ന മന്ത്രിയെന്ന നേട്ടമാണ് അമിത് ഷായ്ക്ക് സ്വന്തമായത്. എൽകെ അദ്വാനിയുടെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്. ആഭ്യന്തര മന്ത്രി പദത്തിൽ 2256 ദിവസമാണ് എൽകെ അദ്വാനിയുടെ കാലയളവ്. ഇതേ പദവിയിൽ 2258 ദിവസം പൂർത്തിയാക്കിയാണ് അമിത് ഷാ റെക്കോർഡ് സ്വന്തം പേരിലാക്കിയത്.
രാജ്യത്ത് അതിശക്തരായ രാഷ്ട്രീയ നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ രണ്ടാമത്തെയാൾ എന്ന വിശേഷണവും അമിത് ഷായ്ക്കുണ്ട്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 73 സീറ്റിലും ബിജെപി ജയിച്ചപ്പോൾ അവിടെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച് അണിയറയിൽ ചരടുകൾ വലിച്ചത് ഗുജറാത്തിലെ മുൻ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ആയിരുന്നു.
മുംബൈയിൽ 1964 ഒക്ടോബർ 22 നാണ് അമിത് ഷായുടെ ജനനം. ഗുജറാത്തിൽ മാനസ ഗ്രാമത്തിൽ അച്ഛൻ്റെയും അമ്മയുടെയും ബന്ധുക്കൾക്കൊപ്പമാണ് 16ാമത്തെ വയസ് വരെ അദ്ദേഹം താമസിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ഇവിടെ നിന്ന് നേടി. പതിനാറാം വയസിൽ ആർഎസ്എസിൽ ചേർന്നു. എബിവിപിയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം.
ബിജെപിയുടെ അഹമ്മദാബാദ് സിറ്റി സെക്രട്ടറിയായി 1989 ൽ ചുമതലയേറ്റ ശേഷം അമിത് ഷാ തിരിഞ്ഞുനോക്കിയിട്ടില്ല. എബി വാജ്പേയിയുടെയും എൽകെ അദ്വാനിയുടെയും അടക്കം തെരഞ്ഞെടുപ്പ് ചുമതലയിലേക്ക് അദ്ദേഹമെത്തി. 2014 ൽ 49ാം വയസിലാണ് ബിജെപിയുടെ ദേശീയ അധ്യക്ഷനായി അദ്ദേഹം ചുമതലയേറ്റത്. 2019 ൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പദവിയിലെത്തുമ്പോൾ പ്രായം 54 ആയിരുന്നു.
ആഭ്യന്തര മന്ത്രി പദവിയിൽ അമിത് ഷാ അധികാരമേറ്റ ശേഷമാണ് സിഎഎ ബിൽ കൊണ്ടുവന്നത്. ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംബിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ ബില്ലുകളും പിന്നീട് കൊണ്ടുവന്നു. രാജ്യത്ത് മാവോയിസ്റ്റ് സ്വാധീനം അവസാനിപ്പിക്കാനായി സൈനിക നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് അദ്ദേഹമിപ്പോൾ. ഈ വർഷം മാത്രം രാജ്യത്ത് 90 മാവോയിസ്റ്റുകളെ വധിച്ചു. 104 പേരെ അറസ്റ്റ് ചെയ്യുകയും 164 മാവോയിസ്റ്റുകൾ കീഴടങ്ങുകയും ചെയ്തിരുന്നു.

