ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രക്ഷോഭം ശക്തമായ സഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേഘാലയ, അരുണാചല്‍പ്രദേശ് യാത്ര റദ്ദാക്കി. ഞായറാഴ്ചയായിരുന്നു സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. ഷില്ലോങ്ങിലെ പൊലീസ് അക്കാദമി പരേഡില്‍ പങ്കെടുക്കാനും തിങ്കളാഴ്ച തവാങ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനുമായിരുന്നു തീരുമാനിച്ചത്.  

എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം റദ്ദാക്കി ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാന്‍ അമിത് ഷാ തീരുമാനിച്ചു.പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആളിപ്പടരുകയാണ്. വിവിധയിടങ്ങളില്‍ പ്രക്ഷോഭകാരികള്‍ക്കുനേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. മേഘാലയയില്‍ അടുത്ത 48 മണിക്കൂറില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബേയുടെ സന്ദര്‍ശനവും റദ്ദാക്കിയിരുന്നു. ബംഗ്ലാദേശ് മന്ത്രിമാരുടെ സന്ദര്‍ശനവും റദ്ദാക്കി.