എൽ കെ  അദ്വാനി പ്രതിനിധീകരിച്ച മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കാനാകുന്നതിൽ അഭിമാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗാന്ധിനഗറിലെ വോട്ടറാണെന്നും അമിത് ഷാ പറഞ്ഞു

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്ന് കേന്ദ്രമന്ത്രി അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമെത്തിയാണ് അമിത് ഷാ പത്രിക സമർപ്പിച്ചത്. എൽ കെ അദ്വാനി പ്രതിനിധീകരിച്ച മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കാനാകുന്നതിൽ അഭിമാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗാന്ധിനഗറിലെ വോട്ടറാണെന്നും അമിത് ഷാ പറഞ്ഞു. മെയ് ഏഴിനാണ് ഗുജറാത്തിലെ വോട്ടെടുപ്പ്.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിവസവും ഹിന്ദുത്വ വിഷയങ്ങൾ ഉന്നയിച്ചാണ് ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചത്. ദ്വാരകയിൽ സമുദ്രത്തിനടിയിൽ താൻ പ്രാർത്ഥിച്ചതിനെ രാഹുൽ ​ഗാന്ധി അധിക്ഷേപിച്ചെന്നും, വോട്ടിന് വേണ്ടി സനാതന ധർമ്മത്തെ അപമാനിക്കുകയാണെന്നും മോദി വിമർശിച്ചു. രാജ്യത്തെ പ്രധാന പ്രശ്നങ്ങൾ അവ​ഗണിക്കുന്ന മോദി കടലിനടിയിൽ പ്രാർത്ഥിക്കുന്നത് ചർച്ചയാക്കുകയാണെന്ന് രാഹുൽ ​ഗാന്ധി നേരത്തെ പരിഹസിച്ചിരുന്നു.

ഉത്തർപ്രദേശിലെ അമ്രോഹയിലെ റാലിയിലാണ് രാഹുലിന് മോദിയുടെ മറുപടി. ഇന്ത്യ സഖ്യം സനാതന ധർമ്മത്തെ വെറുക്കുന്നുവെന്നും വോട്ട് ബാങ്കിന് വേണ്ടി പതിറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസത്തെയാണ് രാഹുലുൾപ്പടെയുള്ള നേതാക്കൾ തള്ളിപ്പറയുന്നതെന്നും മോദി പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം പോലും പ്രതിപക്ഷം നിരസിച്ചെന്നും മോദി കുറ്റപ്പെടുത്തി.

അതേസമയം മോദിയുടെ ഹിന്ദുത്വം പട്ടിജാതി പട്ടികവർ​ഗ വിഭാ​​ഗക്കാർക്ക് എതിരാണെന്നാണ് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ വിമർശിച്ചു. രാജ്യത്തെ പ്രഥമ വനിതയായ രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കും പുതിയ പാർലമെന്റ് ഉദ്ഘാടനത്തിനും ക്ഷണിക്കാഞ്ഞത് അവർ ദളിതരായതുകൊണ്ടാണ്. താൻ രാമക്ഷേത്രത്തിൽ പോയാൽ ബിജെപി സഹിക്കുമോയെന്നും ഖർ​ഗെ ഒരു ഇം​ഗ്ലീഷ് ദിനപത്രത്തോട് സംസാരിക്കവേ പറഞ്ഞു. 

ഐസ് കട്ടകൾ വാങ്ങുമ്പോൾ വരെ ശ്രദ്ധ വേണം; ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം