Asianet News MalayalamAsianet News Malayalam

ഐസ് കട്ടകൾ വാങ്ങുമ്പോൾ വരെ ശ്രദ്ധ വേണം; ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

തെരഞ്ഞെടുപ്പ് പ്രചരണ  റാലികൾക്കും ജാഥകൾക്കും  സ്വീകരണങ്ങള്‍ക്കും  മറ്റും ശീതള പാനീയങ്ങള്‍  നൽകുന്നവരും അത് കഴിക്കുന്നവരും  തിളപ്പിച്ചാറിയ വെള്ളം മാത്രം  കുടിക്കുന്നതിനും  ഉപയോഗിക്കുന്നതിനും വേണ്ടി ശ്രദ്ധിക്കണം

Health department to be vigilant in health and hygiene matters
Author
First Published Apr 19, 2024, 3:59 PM IST | Last Updated Apr 19, 2024, 3:59 PM IST

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത്  ആരോഗ്യകാര്യങ്ങളിലും  ശുചിത്വത്തിലും  അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്. അന്തരീക്ഷ താപനില ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. ജലലഭ്യത  കുറവായ ഈ ഉഷ്ണകാലത്ത്   ജലജന്യ രോഗങ്ങൾ പടരുവാന്‍  സാധ്യതയുണ്ടന്നും ജില്ലാ മെഡിക്കൽ  ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. 

തെരഞ്ഞെടുപ്പ് പ്രചരണ  റാലികൾക്കും ജാഥകൾക്കും  സ്വീകരണങ്ങള്‍ക്കും  മറ്റും ശീതള പാനീയങ്ങള്‍  നൽകുന്നവരും അത് കഴിക്കുന്നവരും തിളപ്പിച്ചാറിയ വെള്ളം മാത്രം  കുടിക്കുന്നതിനും  ഉപയോഗിക്കുന്നതിനും വേണ്ടി ശ്രദ്ധിക്കണം. സൂര്യ താപനില ഏറ്റവും കൂടുതലുള്ള  രാവിലെ 11 മണി മുതൽ  വൈകുന്നേരം മൂന്നു മണി വരെയുള്ള സമയങ്ങളിൽ  നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുവാൻ  ശ്രദ്ധിക്കണം.  അന്തരീക്ഷ താപനില  വളരെ കൂടിയതിനാൽ  ശരീരത്തിൽ നിന്നും ജലവും  ലവണങ്ങളും  നഷ്ടപ്പെടുന്നതിനും അതു വഴി നിർജലീകരണം, സൂര്യാഘാതം എന്നിവ സംഭവിക്കുന്നതിനും ഇടയാകും.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. യാത്രയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് ശീലമാക്കുക.

• ഭക്ഷണപാനീയങ്ങളിൽ  ഈച്ച , കൊതുക് പോലെയുള്ള  പ്രാണികൾ കടക്കാതെ അടച്ചു സൂക്ഷിക്കുക

• ഭക്ഷണപാനീയങ്ങൾ തയ്യാറാക്കുന്നതിനും,  കഴിക്കുവാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ മാത്രം കഴുകുക.

• കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആഹാര പാനീയങ്ങൾ തയ്യാറാക്കുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക

• ജ്യൂസുകളും മറ്റു ശീതള പാനീയങ്ങളും തയ്യാറാക്കുവാൻ ആണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

• ശീതള പാനീയങ്ങൾ തയ്യാറാക്കുമ്പോൾ അംഗീകൃത രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ  നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് കട്ടകൾ മാത്രം ഉപയോഗിക്കുക.

• അന്തരീക്ഷ താപനില കൂടുതലായതിനാൽ  നിർജലീകരണം, സൂര്യാഘാതം എന്നിവ  തടയുന്നതിനായി  ധാരാളം ശുദ്ധജലം കുടിക്കുക.

• എരിവും പുളിയും കൂടുതലുള്ള പാനീയങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. കൂടുതലായി ചായ, കാപ്പി എന്നിവ കുടിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

• ഭക്ഷണ പാനീയങ്ങൾ തയ്യാറാക്കുമ്പോൾ ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുന്നവർ മാത്രം ഭക്ഷണ പാനീയങ്ങൾ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുക.

• ഭക്ഷണവും ശീതള പാനീയങ്ങളും വിതരണം ചെയ്യുന്നതിന് ഡിസ്പോസിബിൾ പ്ലേറ്റ് / ഗ്ലാസ്സ് എന്നിവ ഉപയോഗിക്കാതിരിക്കുക. പരിസര ശുചിത്വം പാലിക്കുക.
• വേനൽക്കാലമായതിനാൽ പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാർത്ഥങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.

• വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

• ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. കുട , തൊപ്പി എന്നിവ ഉപയോഗിക്കുക.

• രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്നു മണി വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശം ഏൽതിരിക്കാൻ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ രാവിലെ 11 മണി മുതൽ മൂ‌ന്ന് മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

• കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. കാറ്റ് കടന്ന്, ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക

• കുട്ടികളെയും, പ്രായമായവരെയും, ഗർഭിണികളെയും, ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവർക്ക് ചെറിയ രീതിയിൽ സൂര്യാഘാതം ഏറ്റാൽ പോലും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാം.

• അന്തരീക്ഷ താപനില കൂടുതലായതിനാൽ തന്നെ ക്ഷീണം, തലകറക്കം, ഛർദ്ദി, സൂര്യാഘാതം എന്നിവ ഉണ്ടായാൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതും ഉടൻ തന്നെ തണൽ ഉള്ള സ്ഥലത്തേയ്ക്ക്‌ മാറി ഇരിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യണം. ആവശ്യമാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുകയും ചികിത്സ തേടേണ്ടതുമാണ്.

• അംഗീകൃതമല്ലാത്ത  മരുന്നുകളും  അശാസ്ത്രീയമായ ചികിത്സകളും സ്വയം ചികിത്സയും ഒഴിവാക്കേണ്ടതാണ്.

30 ഡിവൈഎസ്പിമാരും 60 ഓളം സിഐമാരും അടക്കം 3500ഓളം പൊലീസുകാർ; തൃശൂർ പൂരത്തിന് കനത്ത സുരക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

Latest Videos
Follow Us:
Download App:
  • android
  • ios