ചെന്നൈ: തമിഴകം പിടിക്കാൻ നിർണായക കരുനീക്കങ്ങളുമായാണ് അമിത് ഷാ ചെന്നൈയിലെത്തിയത്. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ഷാ സഖ്യചർച്ചകൾ തനിക്ക് വിട്ടേക്കൂവെന്നും താഴേത്തട്ടിൽ പ്രചാരണത്തിൽ ശ്രദ്ധിക്കൂ എന്നും നേതാക്കളോട് പറഞ്ഞു. രജനീകാന്തുമായി ചർച്ച നടന്നെന്ന് വ്യക്തമാക്കിയ അദ്ദേഹം കൃത്യമായ സമയത്ത് നല്ല പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചിപ്പിച്ചു.

മികച്ച ജനപിന്തുണയുള്ള ആളുകൾ എൻഡിഎയുടെ ഭാഗമാകുമെന്ന് അമിത് ഷാ യോഗത്തിൽ പറഞ്ഞു. സഖ്യം വിപുലീകരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന ഷാ കൂടുതൽ പ്രാദേശികകക്ഷികളെ ഒപ്പമെത്തിക്കാനുള്ള നീക്കത്തിലാണെന്ന് വ്യക്തമാക്കി.

നേരത്തെ റോഡ് ഷോ നടത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് അമിത് ഷാ ചെന്നൈയിലെ യോഗത്തിലേക്കെത്തിയത്. റോഡ് ഷോയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിൽ നിന്നറങ്ങി നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യാനും കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രദ്ധിച്ചു. എംജിആറിന്‍റെയും ജയലളിതയുടേയും ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയ ഷാ, ശ്രീലങ്കൻ തമിഴ് വികാരം ആളികത്തുന്ന പ്രസംഗമായിരുന്നു നടത്തിയത്.

തമിഴകത്ത് ചുവടുറപ്പിക്കാൻ മുഴുവൻ തുറുപ്പുചീട്ടുകളും ഇറക്കിയാണ് ബിജെപി പ്രചാരണത്തിന്  അമിത് ഷാ തുടക്കം കുറിച്ചത്. ടു ജി സെപ്ക്ട്രം അഴിമതി  ഉൾപ്പടെ പരാമർശിച്ച് ഡിഎംകെയും കോൺഗ്രസിനെയും ഷാ കടന്നാക്രമിച്ചു. ഡിഎംകെയ്ക്കും കോൺഗ്രസിനും അഴിമതിക്കെതിരെ സംസാരിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്ന് ചോദിച്ച അദ്ദേഹം അഴിമതി നിറഞ്ഞ കുടുംബ സഖ്യമാണതെന്നും അഭിപ്രായപ്പെട്ടു.

പ്രോട്ടോക്കോൾ ഒഴിവാക്കി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും  മന്ത്രിമാരും നേരിട്ടെത്തിയാണ് ആഭ്യന്തര മന്ത്രിയെ സ്വീകരിച്ചത്. ഒപിഎസും ഇപിഎസുമായും അമിത് ഷാ പ്രത്യേകം കൂടിക്കാഴ്ച നടത്തി. പുതിയ കാലഘട്ടത്തിലെ ചാണക്യനാണ് അമിത് ഷായെന്നും അണ്ണാഡിഎംകെ ബിജെപി സഖ്യം ഭരണ തുടർച്ച നേടുമെന്നും പനീർ സെൽവം അവകാശപ്പെട്ടു. ഖുശ്ബുവിന് പിന്നാലെ കൂടുതൽ താരങ്ങളെ ഒപ്പമെത്തിക്കാനുള്ള സജീവ ചർച്ചകൾ തുടരുകയാണ്.

അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്കാണ് എം കെ അളഗിരിയുടെ ശ്രമം. സ്റ്റാലിൻ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാത്തതിനാൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് എൻഡിഎയിൽ ചേരാനാണ് നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് ശതമാനം മാത്രമായിരുന്നു തമിഴ്നാട്ടിലെ ബിജെപി വോട്ട്. ഇത്തവണ വൻ മുന്നേറ്റം ലക്ഷ്യമിട്ടാണ് അമിത് ഷാ തമിഴകത്തെത്തിയത്.