ദില്ലി: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമേ രാജ്യത്തെ ക്യാമ്പസ്സുകൾ ഒന്നടങ്കം സമരാഗ്നിയിലായിട്ടും, പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. തൊട്ടടുത്തുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം ഉറപ്പാക്കുന്നതിനാണ് പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതെന്നും ദില്ലിയിലെ റാലിയിൽ ഷാ.

''എന്തൊക്കെ വന്നാലും അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കിട്ടുന്നത് സർക്കാർ ഉറപ്പാക്കും. ഇവർ ഇന്ത്യക്കാരായി മാനത്തോടെ ജീവിക്കുമെന്ന് ഉറപ്പാക്കും'', ദില്ലിയിലെ ദ്വാരകയിൽ നടത്തിയ റാലിയിൽ അമിത് ഷാ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്ക് എതിരെ ദില്ലിയിലെ തന്നെ സീലംപൂരിൽ സം‌ഘർഷം അണപൊട്ടുന്നതിനിടെയായിരുന്നു അമിത് ഷായുടെ പരാമർശം.

ആരുടെയും പൗരത്വം ഈ നിയമം മൂലം നഷ്ടമാകില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ''സമരം ചെയ്യുന്ന മുസ്ലിം സഹോദരൻമാരോടും സഹോദരിമാരോടും വിദ്യാർത്ഥികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ. ഇതിലൂടെ ആരുടെയും ഇന്ത്യൻ പൗരത്വം നഷ്ടമാകില്ല. നിയമത്തിന്‍റെ പൂർണരൂപം സർക്കാർ വെബ്സൈറ്റിലുണ്ട്. ഇത് എല്ലാവർക്കും വായിക്കാവുന്നതാണ്. സബ്കാ സാഥ്, സബ്കാ വികാസ് എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ആരോടും ഞങ്ങൾ അനീതി കാട്ടില്ല'', അമിത് ഷാ പറഞ്ഞു. ജനങ്ങളിൽ ഭീതി പടർത്തുന്നത് കോൺഗ്രസ് ആണെന്നും അമിത് ഷാ ആരോപിച്ചു.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് പീഡനം അനുഭവിച്ച് പോന്ന അവിടത്തെ ന്യൂനപക്ഷങ്ങൾക്ക്, അതായത് മുസ്ലിങ്ങളൊഴികെയുള്ള മതസ്ഥർക്ക് പൗരത്വം നൽകുക മാത്രമാണ് ഭേദഗതിയുടെ ലക്ഷ്യം. ''വിഭജനകാലത്ത് ഈ ജനങ്ങൾക്ക് പാകിസ്ഥാനിൽ സംരക്ഷണം നൽകണമെന്നതായിരുന്നു നെഹ്റു - ലിയാഖത്ത് കരാറിലെ ഉടമ്പടി. അതൊരിക്കലും നടന്നില്ല. ഹിന്ദുക്കളും സിഖുകളും അടങ്ങുന്ന ന്യൂനപക്ഷങ്ങൾ ഇന്ത്യയിലേക്കല്ലാതെ വേറെ എങ്ങോട്ട് വരും?'', എന്ന് അമിത് ഷാ.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ജാർഖണ്ഡിൽ നടത്തിയ റാലിയിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. ''എല്ലാ പാകിസ്ഥാനികൾക്കും പൗരത്വം കൊടുക്കാൻ നിങ്ങൾ തയ്യാറാകുമോ, അതിനുള്ള ധൈര്യമുണ്ടോ കോൺഗ്രസുകാർക്ക്'' എന്നായിരുന്നു മോദിയുടെ ചോദ്യം. 

പാകിസ്ഥാൻ. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31-ന് മുമ്പ് എത്തിയ മുസ്ലിങ്ങളൊഴികെയുള്ളവർക്ക് പൗരത്വം നൽകാനുള്ള ചട്ടങ്ങളുള്ളതാണ്, പൗരത്വനിയമഭേദഗതി. ഇത് മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനം തന്നെയാണെന്ന് മനുഷ്യാവകാശപ്രവർത്തകരും പ്രതിപക്ഷവും ആരോപിക്കുമ്പോൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ തങ്ങളുടെ സാംസ്കാരികത്തനിമ കവരുന്നതാണ് നിയമഭേദഗതിയെന്ന് പറയുന്നു. അനധികൃത കുടിയേറ്റക്കാരെത്തി സ്വന്തം പാരമ്പര്യത്തനിമ തന്നെ കവരുമെന്നാണ് അവർ ആരോപിക്കുന്നത്.

അക്രമാസക്തമായ പ്രതിഷേധങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പടരുന്നതിനിടെയാണ്, ജാമിയ മിലിയ സർവകലാശാലയിലെ പ്രതിഷേധത്തിന് നേരെ പൊലീസ് നടപടിയുണ്ടാകുന്നത്. ഇതോടെ സമരങ്ങൾ രാജ്യമെമ്പാടുമുള്ള ക്യാമ്പസുകളിലേക്ക് തീ പോലെ ആളിപ്പടർന്നു.