മൈസൂരുവിൽ വ്യവസായിയായ ലോകേഷിനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. ലോകേഷിന്റെ സുഹൃത്തായ സന്തോഷാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.  

മൈസൂരു: വിജയനഗരയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്. ലോകേഷ് എന്ന വ്യവസായിയെയാണ് തട്ടിക്കൊണ്ടുപോയത്. ലോകേഷിന്റെ സുഹൃത്ത് കൂടിയായ മാണ്ഡ്യ സ്വദേശി സന്തോഷ് ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് മൈസൂരു ഹെറിറ്റേജ് ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ലോകേഷിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

ലോകേഷ് സഞ്ചരിച്ച കാർ പിന്നാലെയെത്തിയ കിഡ്നാപ്പിംഗ് സംഘം തടഞ്ഞ് നിർത്തുകയായിരുന്നു. മർദ്ദിച്ച ശേഷം കണ്ണിൽ മുളകുപൊടി വിതറി. വിജയനഗരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ലോകേഷിനെ എത്തിച്ചു. തുടർന്ന് ഭാര്യ നയനയെ വിളിച്ച് 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. പോലീസിൽ അറിയിക്കരുതെന്നും നിർദേശം നൽകി. പരിഭ്രാന്തയായ നയന ഉടൻതന്നെ പോലീസിനെ അറിയിച്ചു.

സമയം പാഴാക്കാതെ വിജയനഗര പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് ലോകേഷിന്റെ വാഹനം ആദ്യം കണ്ടെത്തി. തുടന്ന് ലോകേഷിന്‍റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചായി അന്വേഷണം. കഴിഞ്ഞ നാല് മാസം മുന്പ് ലോകേഷുമായി പരിചയപ്പെട്ട സന്തോഷ് എന്നയാളാണ് കിഡ്നാപ്പിംഗിന് പിന്നിലെന്ന് വ്യക്തമായി. തുടർന്ന് പ്രതികളെ പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. റിയൽ എസ്റ്റേറ്റ് കച്ചവടവും സാമ്പത്തിക ഇടപാടുമുള്ള ലോകേഷിന്റെ പക്കൽ വൻതോതിൽ പണമുണ്ടെന്നുള്ള ധാരണയിലാണ് സന്തോഷ്‌ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്. ലോകേഷിനെ ആശുപത്രിയിലേക്ക് മാറ്റി.

YouTube video player