കഴിഞ്ഞ അഞ്ച് വർഷം ഗാന്ധി കുടുംബത്തിന്‍റെ എ ടി എം ആയാണ് മുഖ്യമന്ത്രി പ്രവർത്തിച്ചത്. പാവപ്പെട്ടവരുടെ പണം ഭാഗേല്‍ കൊള്ളയടിച്ചുവെന്നും ഷാ പറഞ്ഞു
റായ്പൂർ: ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിൽ സംസ്ഥാന സർക്കാരിനെതിരെ പ്രചരണം ശക്തമാക്കി ബി ജെ പി. കഴിഞ്ഞ തവണ കൈവിട്ട ഭരണം തിരിച്ചുപിടിക്കാനായുള്ള പരിശ്രമത്തിലാണ് ബി ജെ പി. സംസ്ഥാന നേതാക്കൾക്കൊപ്പം ദേശീയ നേതാക്കളും സംസ്ഥാനത്ത് പ്രതിഷേധ പരിപാടികൾക്ക് നിറസാന്നിധ്യമായി മാറുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തെ ബി ജെ പി പൊതുസമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിനെതിരായ കുറ്റപത്രവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കി.
സമസ്ത മേഖലകളിലും ഭൂപേഷ് ഭാഗേല്‍ സർക്കാർ അഴിമതി നടത്തിയെന്നാണ് അമിത് ഷായുടെ കുറ്റപ്പെടുത്തൽ. കഴിഞ്ഞ അഞ്ച് വർഷം ഗാന്ധി കുടുംബത്തിന്‍റെ എ ടി എം ആയാണ് മുഖ്യമന്ത്രി പ്രവർത്തിച്ചത്. പാവപ്പെട്ടവരുടെ പണം ഭാഗേല്‍ കൊള്ളയടിച്ചുവെന്നും ഷാ പറഞ്ഞു. ആദിവാസി വിഭാഗക്കാരുടെ സുരക്ഷ വാഗ്ദാനം ചെയ്ത ഭാഗേല്‍ സർക്കാരിന്‍റെ സമയത്ത് നടന്നത് വ്യാപക മതമാറ്റമെന്നും റായ്പൂരിലെ പൊതുസമ്മേളനത്തില്‍ അമിത് ഷാ ആരോപിച്ചു.
ഛത്തീസ്ഗഡില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഷാ പ്രതീക്ഷ പങ്കുവച്ചു. കാർഷിക വായ്പ എഴുതി തള്ളുമെന്ന് വാഗ്ദാനം നല്‍കി ഛത്തീസ്ഗഡില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സർക്കാർ ജനങ്ങളെ പറ്റിച്ചു. എന്നാൽ ബി ജെ പി അങ്ങനെ ജനങ്ങളെ പറ്റിക്കില്ല. ബി ജെ പി അധികാരത്തില്‍ വന്നാല്‍ രണ്ട് വർഷത്തിനുള്ളില്‍ ഛത്തീസ്ഗഡിലെ എല്ലാ ഗ്രാമങ്ങളിലും കുടിവെള്ലമെത്തിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്തു.
അതേസമയം ചത്തീസ്ഗഢിൽ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പി തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുകയാണ്. 90 നിയമസഭാ സീറ്റുകളിൽ 21 ഇടത്തെ സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിനെതിരെ എം പിയായ വിജയ് ബാഗേലാകും മത്സരിക്കുക. വിജയ് ബാഗേൽ, ഭുലൻ സിംഗ് മറാവി, ലക്ഷ്മി രാജ്‌വാഡെ, ശകുന്തള സിംഗ് പോർഥെ (എസ് ടി), പ്രബോജ് ഭിഞ്ച് ലുന്ദ്ര (എസ് ടി), സരള കൊസാരിയ സറൈപാലിൽ (എസ് സി), അൽക്ക ചന്ദ്രകർ ഖല്ലാരി, രോഹിത് സാഹു, ഗീതാ ഘാസി സാഹു, മണിറാം കശ്യപ് (എസ് ടി) എന്നിവരാണ് ചത്തീസ്ഗഢിലെ ആദ്യഘട്ടത്തിലെ പ്രമുഖർ.
