ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പ് ഇങ്ങടുത്തെത്തിയതോടെ ബിജെപിയും ആം ആദ്മി പാർട്ടിയും പ്രചാരണത്തിൽ ഇഞ്ചോടിച്ചു പോരാടിക്കൊണ്ട് മുന്നേറുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തനിക്ക് ഒരവസരം കൂടി കിട്ടും എന്ന കാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ അമിത് ഷാ പറയുന്നത് ദില്ലിയെ പത്തുവർഷം പിന്നോട്ടടിച്ച കേജ്‌രിവാളിനെ തലസ്ഥാനത്തെ ജനത ഇത്തവണ വീട്ടിലിരുത്തും എന്നാണ്. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലികളിൽ ഒന്നിൽ അമിത് ഷാ കേജ്‌രിവാളിനെ നിശിതമായി വിമർശിച്ചു. " കേജ്‌രിവാളിന് വേണ്ടി ജെഎൻയു, എൻജിഒ, മീഡിയ എന്നിവയാണ് വോട്ടുചോദിക്കാൻ ഇറങ്ങിയിട്ടുള്ളത്. എന്നാൽ, ബിജെപിയുടെ ശക്തി ഇന്നാട്ടിലെ സാധാരണക്കാരാണ്. അവർ ഞങ്ങളോടൊപ്പമാണ് എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ആ വിശ്വാസത്തിന്റെ ഫലം നമുക്ക് വോട്ടെണ്ണുന്ന ദിവസം അറിയാം. അന്ന്, ജയം അർജ്ജുനന്റേതു തന്നെയായിരിക്കും..." ഷാ പറഞ്ഞു. പിന്നെയും പല അവകാശവാദങ്ങളും ഷായിൽ നിന്ന് റാലിയിൽ പ്രസംഗത്തിൽ ഉണ്ടായി...

ഇത് ചെറുത്... ഇതിലും വലിയ തെരഞ്ഞെടുപ്പുകൾ ജയിച്ച ബിജെപി ഇത് നിസ്സാരമായി ജയിച്ചുകയറും 

2014 -ലെ തെരഞ്ഞെടുപ്പ്, 2019 -ലേത്, മണിപ്പൂരിലേത്, യുപിയിലേത്, ത്രിപുര, അസം അങ്ങനെ ഏറ്റവും ദുഷ്കരമായ പല തെരഞ്ഞെടുപ്പുകളും ഞങ്ങൾ ജയിച്ചതാണ്. ഇതും ജയിക്കും. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സൈബർ യോദ്ധാക്കളുടേത് മികച്ച പ്രകടനം 

ഞങ്ങളുടെ സൈബർ യോദ്ധാക്കൾ കഴിഞ്ഞ തവണ സോഷ്യൽ മീഡിയയിലെ പ്രചാരണം ഉഷാറാക്കി. അവർ കൂടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നിൽ.

നിങ്ങളുടെ ഉത്സാഹം പറയുന്നത് നിങ്ങൾ മോദിക്കൊപ്പമെന്നാണ് 

" നിങ്ങളുടെ ഈ ഉത്സാഹം കാണുമ്പൊൾ മനസ്സിലാകുന്നുണ്ട് നിങ്ങൾ ഞങ്ങൾക്കൊപ്പമാണ്. മോദിക്കൊപ്പമാണ് എന്ന്. 2019 -ൽ നിങ്ങൾ മോദിക്കൊപ്പമായിരുന്നു. 2020 -ലും അത് ആവർത്തിക്കണം. നിങ്ങളുടെ ആവേശം കാണുമ്പൊൾ ഇത്തവണ ദില്ലിയെ പുരോഗതിയിലേക്ക് നയിക്കാൻ നിങ്ങൾ ബിജെപിയെ അനുവദിക്കും എന്ന പ്രതീക്ഷയുണ്ട്..."

അവസാന നിമിഷം വരെ നീളുന്ന അപ്രവചനീയത 

ഫെബ്രുവരി 8 -ന് തെരഞ്ഞെടുപ്പ്. 11 -ന് വോട്ടെണ്ണൽ. അന്നുതന്നെ എഴുപതു സീറ്റുകളിലെയും ഫലങ്ങൾ പ്രഖ്യാപിക്കും. 2015 -ലെ തെരഞ്ഞെടുപ്പിൽ 70 -ൽ 67 സീറ്റും നേടി അരവിന്ദ് കേജ്‌രിവാൾ ചൂൽ ചിഹ്നത്തിൽ മത്സരിച്ച് അക്ഷരാർത്ഥത്തിൽ തന്നെ തൂത്തു വാരിയ സംസഥാനമാണ് ഡൽഹി. അവിടെ മോദി-ഷാ പ്രഭാവം എത്രകണ്ട് അട്ടിമറികൾക്ക് വഴിവെക്കുമെന്ന് കാത്തിരുന്നു കാണാം.